ചെന്നൈ: മൈസൂരില്‍ ജനിച്ച ശിവാജി റാവു ഗൈക്‌വാദിനെ ലോകം അറിയുന്നത് രജനീകാന്ത് എന്ന പേരിലാണ്. തമിഴ്‌നാടും തമിഴ് സിനിമാലോകവും നെഞ്ചിലേറ്റിയ ഈ താരം സിനിമാലോകത്ത് കാലുറപ്പിക്കുന്നത് തനത് ശൈലിയിലുള്ള അംഗവിക്ഷേപങ്ങളിലൂടെയും ഭാവപ്പകര്‍ച്ചകളിലൂടെയുമാണ്. തമിഴകം ‘സ്റ്റൈല്‍ മന്നന്‍’ എന്ന് വിശേഷിപ്പിക്കുന്ന രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്ന വാര്‍ത്തകള്‍ പല കാലഘട്ടങ്ങളില്‍ പല തവണകളായി പരന്നതാണ്.

1996 മുതല്‍ രജനീകാന്തിന്‍റെ പേര് തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ സജീവമാണ്. 1995ല്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് അറിയിച്ച സ്റ്റൈല്‍ മന്നന്‍ പിന്നീട് എഐഡിഎംകെയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. “ജയലളിത അധികാരത്തിലേറുകയാണ് എങ്കില്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ല” എന്നാണ് അന്ന്‍ രജനീകാന്ത് പറഞ്ഞത്. കരുണാനിധിയുടെ ഡിഎംകെയും തമിഴ് മനിലാ കോണ്‍ഗ്രസും ചേര്‍ന്ന രാഷ്ട്രീയ സഖ്യത്തിന് പൂര്‍ണമായ പിന്തുണ അറിയിച്ച രജനി തന്‍റെ ആരാധകരോടും ആ സഖ്യത്തിന് വോട്ടുനല്‍കാന്‍ ആഹ്വാനം ചെയ്തു.

2004ലെ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിക്കാണ് വോട്ടുചെയ്യുന്നത് എന്ന് രജനീകാന്ത് തുറന്നുപറയുകയുണ്ടായി. 2008ലും രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്‌ രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നിന്നു. ഒടുവില്‍ 2017ന്‍റെ അവസാന നാളിലാണ് തലൈവര്‍ രജനീകാന്ത് തന്‍റെ രാഷ്ട്രീയപ്രവേശനം ഉറപ്പിക്കുന്നത്.

തികഞ്ഞ ആത്മീയവാദിയായ രജനീകാന്ത് ‘ഒരു ആത്മീയ രാഷ്ട്രീയം വേണം’ എന്ന പ്രഖ്യാപനത്തോടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ ഉണരുന്ന ചോദ്യങ്ങള്‍ ധാരാളമാണ്. പ്രത്യേകിച്ച് തമിഴ്‌നാടിന്‍റെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍. ജയലളിതയുടെ മരണം എഐഡിഎംകെ എന്ന പാര്‍ട്ടിയെ രണ്ടായി പിളര്‍ത്തിയപ്പോള്‍ ഒരു സഖ്യം ബിജെപിയുടെ കൈയ്യിലെ പാവയാകുന്നു എന്നും മറു സഖ്യം അഴിമതിക്കാരാണ് എന്നുമുള്ള പരസ്പരം പഴിചാരലുകള്‍ സജീവമായ സാഹചര്യത്തില്‍ ചോദ്യങ്ങള്‍ കൂടും.

താനൊരു നിരീശ്വരവാദിയാണ് എന്നു ആവര്‍ത്തിക്കുകയും ബിജെപിയേയും ഹിന്ദുത്വ രാഷ്ട്രീയത്തേയും കടന്നാക്രമിക്കുകയും ചെയ്തിട്ടുള്ള കമല്‍ഹാസന്‍റെ രാഷ്ട്രീയ പ്രഖ്യാപനവും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കമല്‍ഹാസന്‍ പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടിയാകും പ്രഖ്യാപിക്കുക എന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കുമ്പോള്‍ തന്നെയാണ് 3ജി സ്‌പെക്ട്രം കേസില്‍ അഗ്നിശുദ്ധി വരുത്തിയ ഡിഎംകെയും ഒരു പുനഃപ്രവേശനം കാത്തിരിക്കുന്നതും.

ഇത്തരം സാഹചര്യങ്ങള്‍ തമിഴ്‌നാട്‌ രാഷ്ട്രീയത്തെ മാറ്റിമറിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനീകാന്ത് തുടക്കം മുതല്‍ നോക്കുക അന്യ ശബ്ദങ്ങളെ തന്ത്രപരമായി നേരിടാന്‍ തന്നെയാകും. അതിന്‍റെ ആദ്യ സൂചനകള്‍ തന്നെയാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് രജനി നടത്തിയ പ്രസംഗം. ഏറെ പക്വതയോടെ ഒന്നും വിട്ടുപറയാതെ സ്റ്റൈല്‍ മന്നൻ നടത്തിയ ഓരോ പ്രസ്താവനകളും സൂക്ഷ്മമായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു. വെള്ളിത്തിരയിലെ പഞ്ച് ഡയലോഗുകള്‍ പോലെ രാഷ്ട്രീയത്തിലും രജനിയുടെ പഞ്ച് ഡയലോഗുകള്‍ ക്ലച്ച് പിടിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു.

പാര്‍ട്ടി പ്രഖ്യാപന വേളയിലെ രജനി സ്റ്റൈല്‍ ഡയലോഗുകള്‍
* 45 വയസ്സായിരുന്നപ്പോള്‍ എനിക്ക് രാഷ്ട്രീയത്തില്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 68-ാം വയസ്സില്‍ അതെങ്ങനെ ഉണ്ടാകും? ഞാനിത് ചെയ്യുന്നത് ഒരു സ്ഥാനവും ആഗ്രഹിച്ചുകൊണ്ടല്ല. നമ്മുടെ രാഷ്ട്രീയം അത്രയ്ക്ക് മോശമാവുകയും മുഴുവന്‍ ലോകവും നമ്മളെ നോക്കി ചിരിക്കുകയും ചെയ്യുന്നു എന്നതിനാലാണ്.

* കഴിഞ്ഞ വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തില്‍ നടന്ന സംഭവങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങളെ നാണംകെടുത്തുന്നതാണ്.

* ജനാധിപത്യത്തിന്‍റെ പേരും പറഞ്ഞുകൊണ്ട് രാഷ്ട്രീയക്കാര്‍ നമ്മളുടെ തന്നെ പണവും ഭൂമിയും കട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് അടിത്തട്ട് മുതല്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സത്യം, പരിശ്രമം, വളര്‍ച്ച എന്നിവയാണ് നമ്മുടെ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട മൂന്നു മന്ത്രങ്ങള്‍.

* സര്‍ക്കാരിനെ മാറ്റേണ്ടതുണ്ട്, വ്യവസ്ഥിതിയെ മാറ്റേണ്ടതുണ്ട്. അതത്ര എളുപ്പമാകില്ല എന്ന്‍ എനിക്കറിയാം.

* എനിക്ക് ഓരോ തെരുവിലും നമ്മുടെ ക്ഷേമ സൊസൈറ്റികള്‍ കാണണം. അതാണ്‌ ആദ്യത്തെ കടമ്പ. അതുവരേക്ക് നമുക്ക് രാഷ്ട്രീയം പറയാതിരിക്കാം.

* ഞാന്‍ എന്റേതായ പാര്‍ട്ടി രൂപീകരിക്കുകയും എല്ലാ തമിഴ്നാട്ടിലെ സീറ്റുകളിലും മൽസരിക്കുകയും ചെയ്യും. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഞാന്‍ മൽസരിക്കും.

* തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മള്‍ പാര്‍ട്ടി രൂപീകരിക്കും. നമ്മള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യുക എന്ന്‍ നമ്മള്‍ അവരോട് പറയും. മൂന്നു വര്‍ഷത്തിനുള്ളില്‍ നമുക്ക് വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ല എങ്കില്‍ നമ്മള്‍ രാജിവച്ച് ഒഴിയും.

* ജനങ്ങളുടെ പിന്തുണയും വിശ്വാസവും ഉണ്ടായാല്‍ മാത്രമേ എനിക്കിത് ചെയ്യാനാകൂ.

* എനിക്ക് പാര്‍ട്ടി കാഡറുകളെ അല്ല, ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പൊരുതാന്‍ തയ്യാറായ കാവലാളുകളെയാണ് ആവശ്യം. ഈ കാവലാള്‍പ്പടയെ നോക്കി പോകുന്ന ജനങ്ങളുടെ പ്രതിനിധി മാത്രമാണ് ഞാന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ