ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രജനീകാന്ത്. താനോ രജനി മക്കള്‍ മൻട്രം (ആര്‍എംഎം) അണികളോ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നതായിരുന്നു നേരത്തെ രജനിയുടെ നിലപാടുകള്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയേയോ സഖ്യത്തേയോ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും രജനി വ്യക്തമാക്കി.

എന്തെങ്കിലും തരത്തിലുളള പ്രചാരണങ്ങള്‍ക്ക് തന്റെ ചിത്രമോ പാര്‍ട്ടിയുടെ ചിഹ്നമോ ഉപയോഗിക്കരുതെന്നും രജനി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ എക്കാലത്തേയും വെളളത്തിന്റെ പ്രശ്നം പരിഹരിക്കാനാവുന്നവര്‍ക്ക് മാത്രമേ തന്റെ പാര്‍ട്ടിയിലുളളവര്‍ വോട്ട് ചെയ്യാവൂ എന്നും അദ്ദേഹം പറഞ്ഞു. ‘തമിഴ്നാടിന്റെ പ്രധാന പ്രശ്നം വെളളത്തിന്റെ ദൗര്‍ലഭ്യമാണ്. കേന്ദ്രത്തില്‍ സ്ഥിരതയുളളതും, സംസ്ഥാനത്ത് ജലത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിവുളളവര്‍ക്കും മാത്രം വോട്ട് ചെയ്യുക,’ രജനി വ്യക്തമാക്കി.

തമിഴ്നാട്ടില്‍ വോട്ടോഹരി ഇത് വരെ 5 ശതമാനം തൊട്ടിട്ടില്ലാത്ത ബിജെപി രജനിയുടെ പിന്തുണയോടെ നേട്ടം കൊയ്യാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ രജനിയുടെ പുതിയ നിലപാട് ബിജെപിക്ക് തിരിച്ചടിയാണ്. നേരത്തെ ബിജെപിയേയും പ്രധാനമന്ത്രിയേയും പുകഴ്ത്തി രജനീകാന്ത് രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook