ചെന്നൈ: രജനികാന്ത് നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഏപ്രിലില്‍ നിലവില്‍ വരുമെന്ന് രജനികാന്തുമായി അടുത്ത വൃത്തങ്ങള്‍. പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ പതിനാലിന് ശേഷം എന്നു വേണമെങ്കിലും പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കൂട്ടായ്മയായ രജനി മക്കള്‍ മൺട്രത്തിന്റെ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
രജനീകാന്തിനു ബിജെപിയോട് ചായ്വുണ്ടെന്നും ചെന്നൈയിലെ ആർഎസ്എസ് നേതാവ് എസ് ഗുരുമൂർത്തിയാല് അദ്ദേഹം സ്വാധീനിക്കപ്പെട്ടതായും പലരും വിശ്വസിക്കുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ രജനികാന്തിന്റെ ഉപദേഷ്ടാവ് തമിഴരുവി മണിയന് ആണെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.
മറ്റ് പാർട്ടികളിൽ നിന്നുള്ള ചില നേതാക്കളുമായി ചർച്ച നടത്തുന്ന മണിയന്, അവരുടെ പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചെങ്കിലും തമിഴ്നാട്ടിലെ എ.ഐ.എ.ഡി.എം.കെയുടെയും എൻ.ഡി.എയുടെയും സഖ്യകക്ഷിയായ പി.എം.കെ രജനീകാന്തിനൊപ്പമുണ്ടെന്നും ‘കൂടുതൽ പാർട്ടികൾ കാത്തിരിക്കുന്നു’ എന്നും വ്യക്തമാക്കി.
“2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കായി പിഎംകെ, വിജയകാന്തിന്റെ ഡിഎംഡികെ, വൈക്കോയുടെ എംഡിഎംകെ എന്നിവയുടെ പിന്തുണയോടെ ഞാൻ രൂപം നൽകിയത പോലെ ഒരു മഴവിൽ സഖ്യം ഉണ്ടാകും,” അദ്ദേഹം പറഞ്ഞു.
രജനീകാന്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന് മണിയന് പറഞ്ഞില്ലെങ്കിലും ടി ടി വി ദിനകരനെതിരെ ‘ശക്തമായ റിസര്‍വേഷന്‍’ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. “ബിജെപിയുമായുള്ള സഖ്യം രജനീകാന്ത് തന്നെ തീരുമാനിക്കും, പക്ഷേ ദിനകരനുമായി സഖ്യമുണ്ടാക്കിയാൽ അതിനു പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നു,” മണിയന് പറഞ്ഞു.
കാര്യങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ രജനിയെ ബി ജെ പി തീര്‍ച്ചയായും സഹായിക്കും എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരോട് ഇടപെടുന്ന ഒരാള്‍ വാദിച്ചു. “ബിജെപി രജനിയുടെ സഖ്യത്തിൽ ചേരുകയോ അതിൽ ചേരാതിരിക്കുകയോ ചെയ്യാം. എന്നാല്‍ അതിനുമപ്പുറം, തമിഴ്നാട്ടിൽ ഡിഎംകെയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അവര്‍ രജനികാന്തിനൊപ്പം നില്ക്കും.”
‘കൃത്യമായ തീയതി ഉറപ്പില്ലെങ്കിലും’ പാർട്ടി ഏപ്രിലിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് കൊണ്ട് മണിയന് സൺഡേ എക്സ്പ്രസിനോട് പറഞ്ഞു: “അന്ന്, രജനീകാന്ത് തന്റെ ആദ്യ പാർട്ടി സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും, അതൊരു വലിയ സംഭവമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. പാർട്ടി സമ്മേളനം ഓഗസ്റ്റിൽ നടത്താനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. സെപ്റ്റംബർ ആദ്യ വാരത്തോടെ അദ്ദേഹം തന്റെ രാഷ്ട്രീയ പദ്ധതികളും ആദർശങ്ങളും ജനങ്ങളെ അറിയിക്കാനും വിശദീകരിക്കാനുമായി സംസ്ഥാനവ്യാപകമായി ഒരു പര്യടനം ആരംഭിക്കും.”
കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും പുതിയ സംഭവവികാസങ്ങള്‍ ‘ഡിഎംകെയെയും എഐഡിഎംകെയെയും ഇതിനകം അസ്വസ്ഥരാക്കിയിട്ടുണ്ട്’ എന്നും മണിയന് കൂട്ടിച്ചേര്‍ത്തു.
അടുത്ത വർഷമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
രജനിയുടെ പാർട്ടിക്ക് ഇതു വരെ മറ്റൊരു പ്രമുഖ മുഖം ഇല്ല. രജനി ക്യാമ്പിലെ പലരും അതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അംഗീകരിക്കുന്നുണ്ട്. എങ്കിലും രണ്ട് ഉന്നത എഐഡിഎംകെ നേതാക്കളെങ്കിലും പാർട്ടിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു അടുത്ത സഹായി അവകാശപ്പെട്ടു.
“തെരഞ്ഞെടുപ്പിനുള്ള ഫണ്ട് ഞങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. എല്ലാ സ്ഥിര ചെലവുകളും ഫാൻ ക്ലബ് നേതാക്കൾ സ്വന്തമായി വഹിക്കുന്നു. അദ്ദേഹം (രജനീകാന്ത്) ഞങ്ങളുടെ യാത്രകൾക്കോ ഓഫീസ് ചെലവുകൾക്കോ പണം നൽകുന്നില്ല,” രജനി മക്കള്‍ മണ്ട്രം കേന്ദ്രങ്ങള്‍ പറഞ്ഞു.
Read Here: Rajinikanth set to launch party in April