ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻമാറി നടൻ രജനികാന്ത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തു നിന്നു കൊണ്ട് ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ജനുവരിയിലായിരിക്കും പ്രഖ്യാപനമുണ്ടായിരിക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പെട്ടെന്നാണ് അദ്ദേഹം പ്രഖ്യാപനത്തിൽ നിന്ന് പിൻമാറിയത്.
രക്ത സമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്ത് കഴിഞ്ഞദിവസമാണ് ആശുപത്രിവിട്ടത്. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയതിനാലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാലുമാണ് ആശുപത്രിവിടുന്നതെന്ന് താരം ചികിത്സയില്‍ കഴിഞ്ഞ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ടെങ്കിലും ഒരാഴ്ചത്തെ പൂർണവിശ്രമമാണ് താരത്തോട് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം. ആരോഗ്യ സാഹചര്യം കണക്കിലെടുത്താണോ അദ്ദേഹം പാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിൻമാറിയതെന്ന് വ്യക്തമല്ല.
മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കുമെന്നായിരുന്നു നേരത്തെ രാഷ്ട്രീയ ഉപദേശകനുമായി നടത്തിയ ചർച്ചയുടെ പുറകെ രജിനികാന്ത് അറിയിച്ചിരുന്നത്.
“വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ വിജയിക്കുകയും സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യും,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
താൻ പാർട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ൽ രജനീകാന്ത് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ചിൽ നടന്ന പത്രസമ്മേളനത്തിൽ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാർട്ടിക്ക് നേതൃത്വം നൽകുമെന്നും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ സർക്കാരിനെ നയിക്കാൻ മറ്റൊരു സംഘത്തെ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.