അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രജനീകാന്തിന്റെ പാർട്ടിക്ക് ‘ഓട്ടോറിക്ഷ’ ചിഹ്നമായി ലഭിക്കാൻ സാധ്യത. പാർട്ടിയുടെ പേരും മറ്റ് വിശദാംശങ്ങളും ഡിസംബർ 31 ന് വെളിപ്പെടുത്തുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുതുതായി രജിസ്റ്റർ ചെയ്തതും എന്നാൽ അംഗീകാരം ലഭിക്കാത്തതുമായ പാർട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘ഓട്ടോറിക്ഷ’ അനുവദിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മക്കൾ സേവൈ കക്ഷി (എംഎസ്കെ) എന്നാണ് ആ പാർട്ടിയുടെ പേര്.
1995 ലെ ബ്ലോക്ക്ബസ്റ്ററായ ‘ബാഷ’യിൽ ഓട്ടോറിക്ഷ ഡ്രൈവറായി അഭിനയിച്ച രജനീകാന്ത് ആളുകൾക്ക് എളുപ്പത്തിൽ അതുമായി ബന്ധപ്പെടുത്താൻ കഴിയുമെന്നതിനാൽ ഈ ചിഹ്നം തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. 25 വർഷത്തിനുശേഷവും ഈ ചിത്രത്തിലെ മാണിക്യം എന്ന കഥാപാത്രത്തെ ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്. എല്ലാ ആയുധ പൂജ ഉത്സവങ്ങളിലും സംസ്ഥാനത്തൊട്ടാകെയുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ പലപ്പോഴും ചിത്രത്തിലെ ‘നാൻ ഓട്ടോകരൻ’ ഗാനം പ്ലേ ചെയ്യാറുണ്ട്.
എംഎസ്കെ പാർട്ടി രജിസ്റ്റർ ചെയ്ത അപേക്ഷകൻ തൂത്തുക്കുടിയിലെ രജനി മക്കൾ മൺറത്തിന്റെ (ആർഎംഎം) മുതിർന്ന പ്രവർത്തകനാണ്. രജനീകാന്തിന്റെ നിർദേശപ്രകാരം മറ്റൊരു വ്യക്തിയുടെ പേരിൽ രജിസ്ട്രേഷൻ പ്രക്രിയ നടത്തുകയായിരുന്നു. അപേക്ഷകന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.
രജനീകാന്തിന്റെ പാർട്ടി ആദ്യം ‘അനൈതിന്തിയ മക്കൾ ശക്തി കഴകം’ എന്ന പേരിൽ രജിസ്റ്റർ ചെയ്തതായാണ് വിവരം. 2002ൽ ഇറങ്ങിയ ‘ബാബ’ സിനിമയിലെ രണ്ട് വിരൽ ഉയർത്തിക്കൊണ്ടുള്ള മുദ്ര പാർട്ടി ചിഹ്നമാക്കാൻ ശ്രമിച്ചെങ്കിലും അതിന് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.
1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, അന്തരിച്ച ജി കെ മൂപ്പനാറിന്റെ തമിഴ് മാനില കോൺഗ്രസ് (ടിഎംസി) – ഡിഎംകെ സഖ്യത്തിന് രജനീകാന്ത് പിന്തുണ നൽകിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, രജനീകാന്തിന്റെ 1992 ൽ പുറത്തിറങ്ങിയ ‘അണ്ണാമലൈ’ എന്ന സിനിമയിലെ പാട്ടിലെ വരികൾ ടിഎംസി അവരുടെ തീം സോങ്ങായി ഉപയോഗിച്ചിരുന്നു. രജനികാന്ത് സിനിമയിൽ ഒരു പാൽക്കാരന്റെ വേഷമായിരുന്നു അവതരിപ്പിച്ചത്.
Read More: കോവിഡ്: പാര്ലമെന്റ് ശീതകാല സമ്മേളനം ഉപേക്ഷിച്ചതായി സര്ക്കാര്, ബജറ്റ് ജനുവരിയിൽ
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാപിതമായ ടിഎംസി, സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ രജനീകാന്ത് സൈക്കിൾ ഓടിക്കുന്ന ചിത്രമുള്ള പോസ്റ്ററുകൾ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. രജനി ആരാധകർ സൈക്കിളുകളുമായി ടിഎംസി-ഡിഎംകെ സഖ്യത്തിനായി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയും ചെയ്തു. ഇത് ടിഎംസിയുടെ ആദ്യ തിരഞ്ഞെടുപ്പിലെ വിജയത്തിൽ പങ്കുവഹിച്ചുവെന്ന് പറയപ്പെടുന്നു.
അതേസമയം, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് (എംഎൻഎം) ‘ബാറ്ററി ടോർച്ച്’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു. പുതുച്ചേരിയിലെ എംഎൻഎമ്മിനും തമിഴ്നാട്ടിലെ എംജിആർ മക്കൾ കക്ഷി എന്ന പാർട്ടിക്കും മാത്രമാണ് കമ്മിഷൻ ആ ചിഹ്നം അനുവദിച്ചിരിക്കുന്നത്.
‘ബാറ്ററി ടോർച്ച്’ ചിഹ്നം നിഷേധിച്ചാൽ ലൈറ്റ് ഹൗസ് ചിഹ്നമായി മാറുമെന്നും കൂട്ടിച്ചേർത്തു. ടിടിവി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ‘പ്രഷർ കുക്കർ’ ചിഹ്നം അനുവദിച്ചിട്ടുണ്ട്.