ചെന്നൈ: രാഷ്ട്രീയ പ്രവേശനം നടത്തിയ കമല്‍ഹാസനെ പ്രശംസിച്ച് രജനീകാന്തും. കാര്യക്ഷമതയുള്ള ആളാണ്‌ കമല്‍ഹാസന്‍ എന്നായിരുന്നു സ്റ്റൈല്‍ മന്നന്‍റെ പ്രതികരണം. ബുധനാഴ്ച തന്‍റെ പിറന്നാള്‍ നാളിലാണ് ഉലകനായകന്‍ കമല്‍ഹാസന്‍ ‘മക്കള്‍ നീതി മയ്യം’ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിന്‍റെ വാക്കുകള്‍ക്കായിരുന്നു അന്ന് മുതൽ തമിഴകം ശ്രദ്ധ പതിപ്പിക്കുന്നുണ്ടായത്.

താനും കമല്‍ഹാസനും പൊതുജന ക്ഷേമം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നു പറഞ്ഞ രജനികാന്ത് തങ്ങളുടെ പാത രണ്ടായിരിക്കും എന്നും കൂട്ടിച്ചേര്‍ത്തു. “കമല്‍ കാര്യക്ഷമതയുള്ള ആളാണ്‌. അദ്ദേഹത്തെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കും” രജനീകാന്ത് പറഞ്ഞു,

കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം ‘വളരെ നന്നായിരുന്നു’ എന്നും മികച്ച രീതിയിലുള്ള സംഘാടനമാണ് നടന്നത് എന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. താന്‍ മുന്നേ തന്നെ കമല്‍ഹാസന് തന്‍റെ ആശംസകള്‍ അറിയിച്ചതാണ് എന്ന് പറഞ്ഞ രജനീകാന്ത് എംഎന്‍എമ്മിന്‍റെ പ്രഖ്യാപനത്തിന് ശേഷം ഒരുവട്ടം കൂടി കമലിനെ ആശംസിച്ചതായും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രജനീകാന്ത് തന്‍റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എംഎന്‍എമ്മിന്‍റെ പ്രഖ്യാപത്തിന് ദിവസങ്ങള്‍ മുന്‍പ് ഞായറാഴ്ച ഇരു താരങ്ങളും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ പ്രസിഡന്റ് എം.കരുണാനിധിയായും കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ