ചെന്നൈ: ബിജെപിക്ക് അനുയോജ്യനായ കക്ഷി രജനികാന്താണെന്നും, താനൊരു യുക്തിവാദിയാണെന്നും കമൽഹാസൻ. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. രജനീകാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം കാവിക്കൊടിക്ക് കൂടുതല്‍ അനുയോജ്യനായ കക്ഷിയാണെന്നാണ് തോന്നുന്നത്. എന്നാല്‍ താന്‍ തീര്‍ത്തും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
താന്‍ ജാതീയതയ്ക്കെതിരെയാണെങ്കിലും കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ താൻ ആരാധിക്കുന്നുണ്ടെന്നും തന്റെ ഹീറോകളില്‍ പലരും കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
‘തമിഴ്നാട്ടില്‍ ഇതുവരെ അച്ഛാ ദിന്‍ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് പറയാന്‍ എനിക്ക് കഴിയില്ല’ എന്നു പറഞ്ഞ കമല്‍ഹാസന്‍ അച്ഛേ ദിന്‍ എന്ന് വരുമെന്ന ചോദ്യവും ഉന്നയിച്ചു
തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കമല്‍ഹാസന്‍ തുറന്നു പറഞ്ഞു. തമിഴ്നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കാന്‍ പോകുന്നത്. ഈ വര്‍ഷം അവസാനത്തോടെ അത് സംഭവിക്കും. തമിഴ്നാട്ടിലെ ജനങ്ങള്‍ എഐഎഡിഎംകെയുടേയും ഡിഎംകെയുടേയും അഴിമതികള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. തന്റെ പോരാട്ടം അഴിമതിക്കെതിരെയാവുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായൊരു സമയം അറിയിക്കാന്‍ കഴിയില്ലെന്നും താന്‍ വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചകളിലാണെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കേജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ അങ്ങോട്ട് പോയതല്ല അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയായിരുന്നുവെന്നായിരുന്നു കമലിന്റെ മറുപടി.