ചെന്നൈ: തിങ്കളാഴ്ച ഗവർണർ ആർ.എൻ.രവിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, തങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തതായി സൂപ്പർസ്റ്റാർ രജനീകാന്ത് സമ്മതിച്ചു. എന്നാൽ കൂടിക്കാഴ്ചയിലെ കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ, “എനിക്ക് അതെല്ലാം നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിയില്ല” എന്നായിരുന്നു രജനീകാന്തിന്റെ മറുപടി.
ദ്രാവിഡ രാഷ്ട്രീയം മുതൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പോലുള്ള പ്രശ്നങ്ങളിൽ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരുമായി പലപ്പോഴും ഇടഞ്ഞുനിന്നിട്ടുള്ള ഗവർണറുമായുള്ള രജനീകാന്തിന്റെ കൂടിക്കാഴ്ച, നടന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. മറ്റു പാർട്ടികളും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.
രാജ്ഭവനെ രാഷ്ട്രീയ ഓഫീസാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ അപലപിച്ചു. എന്നാൽ രജനീകാന്തിനെയും ഗവർണറെയും ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ രംഗത്തെത്തി. അതേസമയം, പാർട്ടികൾ തമ്മിൽ കൂടിക്കാഴ്ചയെ ചൊല്ലി വാക് പോര് തുടരുമ്പോൾ, രജനീകാന്ത് ഒന്നും പറയാതെ സുരക്ഷിത സ്ഥാനത്തു നിൽക്കുന്നതിന് പിന്നിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടാകുമെന്ന് വൃത്തങ്ങൾ പറയുന്നു.
മറ്റൊരു പദ്ധതി കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ മറ്റിടങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കുമ്പോഴും ബിജെപിയെ അമ്പരപ്പിച്ച സംസ്ഥാനമാണ് തമിഴ്നാട്. അവിടെ കേന്ദ്രത്തിന്റെ അനൗദ്യോഗിക അംബാസഡറെ നിയമിക്കാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവുമായി ഗവർണറുമായുള്ള രജനീകാന്തിന്റെ കൂടിക്കാഴ്ചയ്ക്ക് ബന്ധമൊന്നും ഇല്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഗവർണർ രവിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ഏറെ നാളായി അദ്ദേഹം ചിന്തിക്കുന്നുണ്ടായിരുന്നു. കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും തീരുമാനിച്ച കാര്യമാണിത്. അവർ പൊതുവെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. അതിന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ഒരു ബന്ധവുമില്ല. എന്നിരുന്നാലും, അദ്ദേഹം ഉടൻ തന്നെ കേന്ദ്ര സർക്കാരിന്റെ ഒരു അംബാസഡറുടെ സജീവ റോൾ ഏറ്റെടുക്കും, എന്നാൽ ബിജെപിയിൽ അല്ല,” വൃത്തങ്ങൾ പറഞ്ഞു.
ത്രിവർണ പതാക പ്രദർശിപ്പിക്കുന്നതിനായി രജനീകാന്ത് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ ചിത്രങ്ങൾ എങ്ങനെ മാറ്റിയെന്ന് ഉറവിടം ചൂണ്ടിക്കാട്ടി. എന്നാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്താനുള്ള ബിജെപിയുടെ ‘ഹർ ഘർ തിരംഗ’ എന്ന പ്രചാരണത്തിന് തമിഴ്നാട്ടിൽ ഇത് കാര്യമായി നേട്ടമുണ്ടാക്കിയിട്ടില്ല. “അദ്ദേഹം താമസിയാതെ ആളുകളെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രേരിപ്പിച്ചേക്കാം, തന്റെ വീട്ടിലും ഉയർത്താം. അദ്ദേഹം അംബാസഡറുടെ റോൾ ഏറ്റെടുക്കുന്നത് നിങ്ങൾ ഉടൻ കാണും, കൂടുതൽ ദേശീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും,” വൃത്തങ്ങൾ പറഞ്ഞു.
1996ലെ തിരഞ്ഞെടുപ്പു വേളയിൽ ‘ജയലളിത വീണ്ടും അധികാരത്തിലേറിയാൽ ദൈവത്തിനുപോലും തമിഴ്നാടിനെ രക്ഷിക്കാൻ കഴിയില്ല’ എന്ന പ്രസ്താവനയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായത്. ഈ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു കൊണ്ടിരിക്കെ, സംസ്ഥാനത്തെ ബിജെപി-എഐഎഡിഎംകെ സഖ്യവുമായി അദ്ദേഹം ചേർന്നു.
2014ൽ, അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദി രജനീകാന്തിനെ ചെന്നൈയിൽ സന്ദർശിച്ചു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടു. 2017-ൽ ചെന്നൈയിൽ ആരാധകരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കാൻ തുടങ്ങിയപ്പോഴും അദ്ദേഹം രാഷ്ട്രീയ പ്രവേശനം നിഷേധിച്ചു. താൻ രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്നും 2021 ജനുവരിയിൽ ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നും അദ്ദേഹം ഒടുവിൽ പ്രഖ്യാപിച്ചു. എന്നാൽ, പാർട്ടി രൂപീകരണത്തിനു ആഴ്ചകൾക്ക് മുമ്പ്, 2020 ഡിസംബറിൽ, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.