ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും ഒരേ വേദിയിൽ. ചെന്നൈയിൽ നടൻ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരു താരങ്ങളും ഒരുമിച്ച് പങ്കെടുത്തത്. നടനായതുകൊണ്ടുമാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ലെന്ന് രജനീ പറഞ്ഞു.

പേരോ പ്രശസ്തിയോ പണമോ കൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ല. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി മാറ്റുന്ന ഘടകങ്ങൾ അതിലൊക്കെ ഉപരിയാണ്. ഒരുപക്ഷേ കമൽഹാസന് അത് എന്താണെന്ന് അറിയുമായിരിക്കും. രണ്ടു മാസം മുൻപ് അദ്ദേഹത്തോട് ഞാനിത് ചോദിച്ചിരുന്നുവെങ്കിൽ പറഞ്ഞു തന്നേനെ. പക്ഷേ ഇന്ന് അദ്ദേഹത്തോട് ഇത് ചോദിച്ചാൽ എന്റെ കൂടെ വരൂ, ഞാൻ പറഞ്ഞുതരാം എന്നായിരിക്കും കമലിന്റെ മറുപടിയെന്നും രജനീ പറഞ്ഞു.

Kamal Haasan, Rajinikanth

രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുളള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നുളള ഉലകനായകൻ കമൽഹാസൻ പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകളും കമൽഹാസൻ നേരത്തെ നൽകിയിരുന്നു. എങ്കിലും തന്റെ രാഷ്ട്രീയപ്രവേശനം കമൽഹാസൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവമാണ് സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തമിഴ് സിനിമാരംഗത്തുനിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു. ചെന്നൈ കാമരാജർ ശാലയിൽ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2016 ഓഗസ്റ്റ് നാലിന് അവിടെ നിന്ന് നീക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിർമ്മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ