ചെന്നൈ: നടന്‍ രജനികാന്തിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും. ജനുവരിയിലായിരിക്കും പ്രഖ്യാപനം. മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. രാഷ്ട്രീയ ഉപദേശകനുമായി ചർച്ച നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തെ കുറിച്ചുള്ള രജനികാന്തിന്റെ തീരുമാനം.
“വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ വിജയിക്കുകയും സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യും,” രജനീകാന്ത് പറഞ്ഞു.
ஜனவரியில் கட்சித் துவக்கம்,
டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல pic.twitter.com/9tqdnIJEml— Rajinikanth (@rajinikanth) December 3, 2020
കഴിഞ്ഞ തിങ്കഴാഴ്ച കോടമ്പാക്കത്ത് രജനികാന്ത് തന്റെ ഫാന്‍സ് അസോസിയേഷനായ രജിനി മക്കള്‍ മന്‍ട്ര (ആര്‍എംഎം) ത്തിന്റെ യോഗം വിളിച്ചിരുന്നു.
“ഞാൻ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, ഞാൻ എന്റെ അഭിപ്രായങ്ങൾ അവരുമായി പങ്കുവച്ചു. ഞാൻ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി. എന്റെ തീരുമാനം എത്രയും വേഗം ഞാൻ പ്രഖ്യാപിക്കും,” കോടമ്പാക്കത്തെ തന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളിൽ നടന്ന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
താൻ പാർട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ൽ രജനീകാന്ത് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ചിൽ നടന്ന പത്രസമ്മേളനത്തിൽ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാർട്ടിക്ക് നേതൃത്വം നൽകുമെന്നും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ സർക്കാരിനെ നയിക്കാൻ മറ്റൊരു സംഘത്തെ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
രജനിയുടെ തീരുമാനത്തിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ചെന്നൈ സെൻട്രൽ ആർഎംഎം സെക്രട്ടറി എ വി കെ രാജ പറഞ്ഞു. “ഇത് ഞങ്ങൾക്ക് ദീപാവലി പോലെയാണ്, തലൈവർ രാഷ്ട്രീയത്തിലേക്ക് വരുന്നു. തിങ്കളാഴ്ചത്തെ മീറ്റിംഗിന് ശേഷം ഞങ്ങൾക്ക് സന്തോഷവാർത്ത ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ ഇന്ന് വലിയ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്, അംഗങ്ങൾ വളരെ സന്തുഷ്ടരാണ്.”
രജനീകാന്തിന്റെ ആരോഗ്യം കാരണം ആശങ്കയുണ്ടെന്ന് വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. ഡിജിറ്റൽ കാമ്പെയ്‌നിംഗിന്റെ സാധ്യതകളെക്കുറിച്ച് താരം തന്റെ സുഹൃത്തുക്കളുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും എതിർ പാർട്ടി നേതാക്കൾ പ്രചരണത്തിന് നേരിട്ടിറങ്ങുമ്പോൾ വെർച്വൽ റാലികൾ സഹായിക്കില്ല എന്നതിനാൽ ഇത് വേണ്ടെന്ന് വച്ചു.