ചെന്നൈ: തൂത്തുക്കുടി സമരക്കാരെ കണ്ടു മടങ്ങവെ മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച സംഭവത്തില്‍ ഖേദം അറിയിച്ച് രജനീകാന്ത്. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം
”ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നു.” എന്നായിരുന്നു രജനീകാന്ത് തന്റെ ട്വീറ്റില്‍ കുറിച്ചത്. എന്നാല്‍ തൂത്തുക്കുടി സമരത്തെ കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവനകളില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയോ അവയെ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
സമരത്തിന് പിന്നില്‍ സാമൂഹ്യ വിരോധികളാണെന്നും ‘പോരാട്ടം പോരാട്ടം’ എന്ന് പറഞ്ഞു കൊണ്ടിരുന്നാല്‍ തമിഴ്‌നാട് ചുടുകാടാകുമെന്നുമായിരുന്നു രജനി പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്താവനകള്‍ വന്‍ വിവാദത്തിലേക്കാണ് സൂപ്പര്‍ താരത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.
രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴക മക്കള്‍ ജനയാക കച്ചി അദ്ദേഹത്തിന്റെ വീടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. താരത്തിന്റെ മാപ്പ് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
അതേസമയം, രജനീകാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനും രംഗത്തെത്തി. രജനി സംസാരിക്കുന്നത് ബിജെപിയും എഐഎഡിഎംകെയും പഠിപ്പിച്ച വാക്കുകകളാണെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. സമരത്തില്‍ സാമുഹ്യ വിരുദ്ധരുണ്ടായിരുന്നുവെങ്കില്‍ അവരെ രാജ്യത്തിന് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം രജനീകാന്തിനോട് ആവശ്യപ്പെട്ടു.
സാമൂഹ്യ വിരുദ്ധരെ രാജ്യത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ അത് നല്ലകാര്യമായിരിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും തമാശ രൂപേണ സ്റ്റാലിന്‍ പറഞ്ഞു. അതേസമയം, പോരാട്ടം ജീവിതത്തിന്റെ ഭാഗമാണെന്നും പോരാട്ടങ്ങളും പ്രതിഷേധങ്ങളുമില്ലാതെ ഒന്നും നേടാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.