ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ആരാധകരോട് തന്നെ വേദനിപ്പിക്കരുതെന്നും സമ്മർദം താങ്ങാൻ വയ്യെന്നും നടൻ രജനികാന്ത്. തന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുതെന്ന് രജനികാന്ത് പറഞ്ഞു.
“രാഷ്ട്രീയത്തില്‍ വരുന്നതിലുള്ള എന്റെ ബുദ്ധിമുട്ടിനെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.” രജനികാന്ത് പ്രസ്താവനയില്‍ പറഞ്ഞു.
“രാഷ്ട്രീയത്തിൽ പ്രവേശിക്കാതിരിക്കാനുള്ള എന്റെ തീരുമാനത്തിനെതിരെ ചില ആരാധകരും രജനി മക്കൾ മന്‍ട്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട കേഡർമാരും ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു. എന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളിൽ ഏർപ്പെടരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുണ്ട്.
താൻ പാർട്ടി രൂപീകരിക്കുമെന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുമെന്നും 2017 ൽ രജനീകാന്ത് പ്രഖ്യാപിച്ചു. ഈ വർഷം മാർച്ചിൽ നടന്ന പത്രസമ്മേളനത്തിൽ രജനീകാന്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാർട്ടിക്ക് നേതൃത്വം നൽകുമെന്നും തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ സർക്കാരിനെ നയിക്കാൻ മറ്റൊരു സംഘത്തെ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.