ന്യൂഡല്‍ഹി : സ്വാതന്ത്ര്യസമരസേനാനി രാജ്‌ഗുരുവിനെ ആര്‍എസ്എസ് സ്വയംസേവകനായ് ചിത്രീകരിക്കുന്ന ആര്‍എസ്എസ് പ്രചാരണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ഈയടുത്താണ് രാജ്ഗുരുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ചുകൊണ്ടുള്ള പുസ്തകം ഇറങ്ങിയത്.

മുന്‍ ആര്‍എസ്എസ് പ്രചാരകും മാധ്യമപ്രവര്‍ത്തകനുമായ അരേന്ദ്ര സെഹ്ഗാലാണ് പുസ്തകത്തിന്റെ രചയിതാവ്. ഭഗത് സിങ്ങിനും സുഖ്ദേവിനും ഒപ്പം 1931ല്‍ തൂക്കിലേറ്റപ്പെട്ട രാജ്‌ഗുരു ‘സ്വയംസേവക്’ ആണ് എന്നായിരുന്നു പുസ്തകത്തിലെ അവകാശവാദം.

” രാജ്‌ഗുരുവിന് ആര്‍എസ്എസ്സുമായ് ബന്ധമുണ്ട് എന്ന് അവകാശപ്പെടാന്‍ യാതൊരു തെളിവുമില്ല. അങ്ങനെയൊരു കാര്യം ഞങ്ങളുടെ മുത്തച്ഛന്‍ പറഞ്ഞിട്ടുമില്ല. ” രാജ്‌ഗുരുവിന്റെ സഹോദര പൗത്രന്മാരായ സത്യശീലും ഹര്‍ഷ്‌വര്‍ദ്ധന്‍ രാജ്‌ഗുരുവും പറഞ്ഞു. രാജ്ഗുരു രാജ്യത്തിന്റെ തന്നെ രക്തസാക്ഷിയാണ് എന്ന് പറഞ്ഞ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഒരിക്കലും ഒരു സംഘടനയുമായി മാത്രം കൂട്ടിവായിക്കാൻ ആവില്ലെന്നും പറഞ്ഞു.

രാജ്‌ഗുരു നാഗ്പൂരില്‍ കഴിഞ്ഞിരുന്ന സമയത്ത് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗെവാര്‍ ‘രഹസ്യമായ ഒരുക്കങ്ങള്‍” നടത്തിയിട്ടുണ്ടായേക്കും എന്നായിരുന്നു ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന നേതാവായ എംജി വൈദ്യയുടെ പ്രതികരണം.

” അരുണാ ആസഫ് അലി ഒളിവില്‍ കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹന്‍സ്രാജ് ഗുപ്തയുടെ വീട്ടിലാണ് കഴിഞ്ഞത്. അതുപോലെ തന്നെ രാജ്‌ഗുരു നാഗ്പൂരില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന് താമസിക്കാനുള്ള ഒളിവ് സ്ഥലം ഒരുക്കിയത് ഡോ.ഹെഡ്ഗെവാര്‍ ആയിരുന്നു. ഡോ ഹെഡ്ഗെവാര്‍ വിപ്ലവകാരിയായിരുന്നു എന്നതും അദ്ദേഹത്തിന് മറ്റ് വിപ്ലവകാരികളുമായ് ബന്ധം ഉണ്ടായിരുന്നു എന്നതും ഒരു സാധ്യതയായി കാണാം,” മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പറഞ്ഞു.

ആര്‍എസ്എസ്സിന്റെ ബൗദ്ധിക ചര്‍ച്ചകളില്‍ രാജ്‌ഗുരുവിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന്. ” ഞാന്‍ അതിനെ കുറിച്ച് കേട്ടിട്ടില്ല.” എന്നായിരുന്നു ആര്‍എസ്എസ്സിന്റെ ബൗദ്ധിക് പ്രമുഖിന്റെ ( ബൗദ്ധിക പരിശീലനത്തിന്റെ ചുമതലയുള്ളയാള്‍) മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook