കൊച്ചി: പെരുന്പാവൂരിൽ ദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയുടെ പേരിൽ ലഭിച്ച തുകയിൽ 29 ലക്ഷം രൂപ അമ്മ രാജേശ്വരി പിൻവലിച്ചു. ഡിസംബർ 20 ന് മുൻപ് ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചതായി മംഗളം പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന സർക്കാരും വ്യക്തികളും സഹായമായി നിക്ഷേപിച്ച തുകയാണ് പിൻവലിച്ചിരിക്കുന്നത്.

ഈ തുക വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിൽ ഏറെ നാളുകളായി തർക്കമുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും തമ്മിലുണ്ടായ കൈയ്യാങ്കളിക്കിടെ ഒരു പൊലീസുദ്യോഗസ്ഥയ്‌ക്ക് പരുക്കേറ്റിരുന്നു. രാജേശ്വരിയെ ദീപ കസേര കൊണ്ട് അടിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് പരുക്കേറ്റതെന്നാണ് അനൗദ്യോഗിക വിവരം.

അതേസമയം, ബാങ്കിൽ ലഭിച്ച സഹായധനത്തിൽ തനിക്കും അർഹതയുണ്ടെന്ന് കാണിച്ച് ജിഷയുടെ പിതാവ് പാപ്പു കോടതിയെ സമീപിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ഇവരുടെ വീട് സർക്കാർ പുതുക്കിപ്പണിഞ്ഞു. രാജേശ്വരിക്ക് 5000 രൂപ പ്രതിമാസ പെൻഷനും ദീപയ്‌ക്ക് സർക്കാർ ജോലിയും ലഭിച്ചിരുന്നു. ഈ ജോലി തനിക്ക് വേണമെന്ന് രാജേശ്വരി നേരത്തേ ശാഠ്യം പിടിച്ചിരുന്നു. തന്റെ മേൽവിലാസത്തിൽ ലഭിച്ച പണം പോലും കൈവശപ്പെടുത്തി ആർഭാട ജീവിതം നയിക്കുകയാണ് രാജേശ്വരിയും ദീപയുമെന്ന് ഇദ്ദേഹം പരാതിയിൽ കുറ്റപ്പെടുത്തി.

അതിദാരുണമായി കൊലചെയ്യപ്പെട്ട ജിഷയ്‌ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി പൊതുസമൂഹം മുഴുവൻ രംഗത്ത് വന്നിരുന്നു. ഈ കുടുംബത്തിന്റെ കഷ്ടപ്പാട് അറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് വ്യക്തികളും സംഘടനകളും ബാങ്ക് അക്കൗണ്ടിൽ പണമയച്ചു. 39 ലക്ഷം രൂപയാണ് സർക്കാർ സഹായമുൾപ്പടെ ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. കേരള ദലിത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഓർണ കൃഷ്ണൻകുട്ടിയാണ് വിവരാവകാശ നിയമപ്രകാരം രേഖകൾ വാങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ