കുമരകം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിക്കുവാനിരുന്ന നിരാമയ റിട്രീറ്റ് എന്ന റിസോര്‍ട്ട് പുറമ്പോക്ക് കയ്യേറുകയും, തോട് പുറമ്പോക്ക് നികത്തുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണങ്ങള്‍ സ്ഥിരീകരിച്ചതായും പതിനഞ്ച് ദിവസത്തിനുള്ളില്‍ കയ്യേറ്റ സ്ഥലത്ത് നടത്തിയ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്‌ നോട്ടീസ് നൽകി. ഇന്നലെയാണ് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ഭൂമി കൈയേറ്റത്തിൽ പഞ്ചായത്തിന്റെ നടപടിയുണ്ടാകുന്നത്.

10, 11 ബ്രോക്കുകളിലായി റിസോര്‍ട്ട് ഏഴര സെന്റോളം ഭൂമി കൈയ്യേറി എന്നു വില്ലേജ് ഓഫീസ് അളന്നുതിട്ടപ്പെടുത്തുമ്പോള്‍. തങ്ങളെ ‘കൃത്യമായി ലക്ഷ്യം വെച്ചുകൊണ്ട് പീഡിപ്പിക്കുകയാണ്’ എന്നാണ് നിരാമയ റിട്രീറ്റ്സ് പ്രതികരിച്ചത്. അതേസമയം ഒരു തരി ഭൂമി പോലും തങ്ങള്‍ കൈയ്യേറിയിട്ടില്ല എന്നാണ് ജൂപ്പിറ്റര്‍ ഇന്‍വസ്റ്റേഴ്സിന്‍റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് അവകാശപ്പെടുന്നത്.

തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുളള പ്രതികാരമാണ്  സി പി എം തനിക്കെതിരെ തിരിയുന്നതെന്നും അതിന്രെ ഭാഗമാണ് തൻറെ സ്ഥാപനങ്ങൾക്കെതിരെ തിരിഞ്ഞുളള നീക്കമെന്നും അദ്ദേഹം പറഞ്ഞതായി  രാജീവ് ചന്ദ്രശേഖറിന്രെ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്  റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 2016 മെയ് മാസം, യു ഡി എഫ് ഭരിക്കുന്ന  ( 2016 മെയ് 25 നാണ് എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നത്) സമയത്ത് തന്നെ പഞ്ചായത്ത് നടപടികൾ ആരംഭിച്ചിരുന്നതായി കുമരകം പഞ്ചായത്ത് പ്രസിഡന്ര് എ പി സാലിമോൻ അവകാശപ്പെടുന്നു.

ആരാണ് ജൂപ്പിറ്റര്‍ ഇന്‍വെസ്റ്റേഴ്സ്?

ഏഷ്യാനെറ്റ്, റിപബ്ലിക് ടിവി, ഇന്‍ഡിഗോ തുടങ്ങി ഒട്ടനവധി മാധ്യമസ്ഥാപനങ്ങള്‍, ബിപിഎല്‍ മെഡിക്കല്‍ ടെക്നോളജി, ആള്‍ട്ടിഗ്രീന്‍ തുടങ്ങി സാങ്കേതികരംഗത്തെ കമ്പനികള്‍. ഐഎല്‍&എഫ്എസ്, ഹൈപ്പ്, ഏപിഎല്‍ ഇന്ത്യാലിങ്ക്സ് തുടങ്ങി റിയാല്‍ എസ്റ്റേറ്റും അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട കമ്പനികള്‍. ഇത്തരത്തില്‍ മുപ്പതോളം സ്വകാര്യ കമ്പനികളുടെ ഓഹരി വഹിക്കുന്ന സ്ഥാപനമാണ്‌ ജൂപ്പിറ്റര്‍ ഇന്‍വെസ്റ്റേഴ്സ്.

നിലവില്‍ കേരളത്തിലെ എന്‍ഡിഎ ഉപാധ്യക്ഷന്‍, കര്‍ണാടകത്തില്‍ നിന്നുമുള്ള രാജ്യസഭാ എംപി, പ്രതിരോധ വകുപ്പിലെ സ്റ്റാൻഡിങ് കമ്മറ്റി അംഗം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ്‌ ആന്‍റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന രാജീവ് ചന്ദ്രശേഖര്‍ ആണ് ജൂപ്പിറ്റര്‍ ഇന്‍വെസ്റ്റേഴ്സ് സ്ഥാപകനും ചെയര്‍മാനും. സാങ്കേതികത, എയറോസ്പേസ്, മാധ്യമം, വിനോദം, അടിസ്ഥാനവികസനം തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപമുള്ള ജൂപിറ്റര്‍ 2005 ല്‍ ആരംഭിക്കുന്ന 100 മില്യന്‍ ഡോളറിന്‍റെ ആദ്യ നിക്ഷേപവുമായാണ്. ടെലിക്കോം സെക്ടറില്‍ നിക്ഷേപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖരന്‍ ആരംഭിക്കുന്ന കമ്പനി ഇന്ന്  ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. സ്റ്റാര്‍, എന്‍ഓഎല്‍- എപിഎല്‍, ഇഎഡിഎസ് തുടങ്ങിയ ആഗോള ഭീമന്മാരിലും ജൂപ്പിറ്റര്‍ ഇന്‍വെസ്റ്റര്‍സിനു നിക്ഷേപമുണ്ട്.

നിരാമയ കൈയ്യേറിയതായി കണ്ടെത്തിയ തൊടിന്‍റെ കൈവഴി

ക്രിസ്റ്റല്‍ റിസോര്‍ട്ട്സ് മുതല്‍ നിരാമയ വരെ

ജൂപിറ്റര്‍ കാപ്പിറ്റല്‍ എന്ന നിക്ഷേപകരുടെ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളാണ് നിരാമയ ബിസിനസ് ഗ്രൂപ്പ്. ഹോട്ടല്‍, ടൂറിസം രംഗത്ത് ഇരുപതുവര്‍ഷത്തിനു മുകളിലായി പ്രവര്‍ത്തിച്ചു വരുന്ന നിരാമയ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഓഹരിയടിസ്ഥാനത്തിലുള്ള കമ്പനിയാണ്.

കോവളം, തേക്കടി ഗോവ, എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പിന്നാലെയാണ് ഏറെ സാധ്യതകള്‍ കല്‍പ്പിക്കുന്ന കുമരകത്ത് ജൂപിറ്റര്‍ ശ്രദ്ധ ചെലുത്തുന്നത് 2000ത്തിന്‍റെ അവസാനത്തോടെയാണ്. 2012ഓടു കൂടിയാണ് കമ്പനിയുടെ കീഴിലെ ഹോട്ടലുകളെയൊട്ടാക്കെ നിരാമയ എന്ന ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവന്നത്. ഇപ്പോള്‍ വിവാദാമായിരിക്കുന്ന കുമരകത്തെ സ്ഥലം കമ്പനി 1995 മുതല്‍ വെച്ച് പോരുന്നതാണ് എന്ന് കമ്പനി രജിസ്ട്രാറില്‍ സമര്‍പ്പിച്ചതായ രേഖകള്‍ വ്യക്തമാക്കുന്നു.

നിരാമയ റിട്രീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിരാമയ റിട്രീറ്റ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ടു സ്ഥാപനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന കുമരകത്തെ സ്ഥാപനവുമായി ബന്ധപ്പെട്ടള്ളത്. ഇതില്‍ മദര്‍ഷിപ്പായ ഒന്നാമത്തെ സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ മാതേവന്‍പിള്ള ശിവറാം, അഞ്ജു ചന്ദ്രശേഖര്‍ (രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യ) എന്നിവരെ യഥാക്രമം 2000ത്തിലും 2006ലും വെങ്കടരാമന്‍ വെങ്കിടാചലം, അഭിനവ് ഖാരെ, പ്രശാന്ത് ദത്താത്രേയ ഹെഗ്ഡെ എന്നിവരെ 2017ലും കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കുന്നതായും മിനിസ്റ്ററി ഓഫ് കോർപ്പറേറ്റ് എഫ്ഫിഴ്സിൽ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

നിരാമയ കൈയ്യേറിയതായി കണ്ടെത്തിയ സ്ഥലം

ബാംഗ്ലൂരില്‍ വിലാസമുള്ള ഹേമന്ത് ബഗ്ഗ, ദേബാശിഷ് മൊഹന്തി, മനു ഋഷി ഗുപ്ത എന്നിവരാണ് നിരാമയ റിട്രീറ്റ്സ്- കുമരകം പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍മാര്‍.

Read More : രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോർട്ട് പൊളിക്കാൻ നോട്ടീസ്; കൈയ്യേറ്റം സ്ഥിരീകരിച്ചു

പ്രൊഫഷണലായി മാനേജ് ചെയ്യുകയും ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥാപനമാണ്‌ നിരാമയ എന്നാണ് കമ്പനിയുടെ ഡയറക്ടര്‍ മനു ഋഷി ഗുപ്തയ്ക്ക് പറയാനുള്ളത്. “ഒന്നിലേറെ കമ്പനികളും ഷെയര്‍ ഹോള്‍ഡര്‍മാരുമുള്ള സ്ഥാപനമാണ്‌ നിരാമയ. ” എന്‍ഡിഎ എം പിയും കേരളത്തിലെ എന്‍ഡിഎ ഉപാധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനു കമ്പനിയിലുള്ള നിക്ഷേപത്തെക്കുറിച്ചുളള ചോദ്യത്തിന്   നിരാമയ ബിസിനസ് ഗ്രൂപ്പ് സിഇഒ മനു ഋഷി ഗുപ്ത മറുപടി നൽകിയില്ല.

1995ലാണ് കുമരകത്ത് നിരാമയ റിട്രീറ്റ്സ് കുമരകം പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എങ്കിലും 2016ലാണ് ജൂപിറ്റര്‍ ഇന്‍വെസ്റ്റേഴ്സിന് കീഴിലുള്ള സ്ഥാപനങ്ങളെയൊക്കെ ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ തീരുമാനമാകുന്നത്. കുമരകത്ത് ഇന്ന് ഹോട്ടല്‍ നില്‍ക്കുന്ന ഭൂമി ക്രിസ്റ്റല്‍ റിസോര്‍ട്ട്സ് എന്ന പേരിലാണ് വില്ലേജ് ഓഫീസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നിരാമയ കൈയ്യേറിയതായി കണ്ടെത്തിയ സ്ഥലം

“കൃത്രിമമായി സൃഷ്ടിച്ചെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്” എന്നാണു നിരാമയയുടെ സിഇഒ മനു ഋഷി ഗുപ്ത പറഞ്ഞത്. ” 1995 മുതല്‍ക്ക് ഘട്ടം ഘട്ടമായാണ് കുമരകത്ത് സ്ഥലം വാങ്ങുന്നത്. 80 കോടിയോളം രൂപയാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. ഇരുപത് വര്‍ഷമായി ഇല്ലാത്ത പ്രശ്നമാണ് 2016ല്‍ വരുന്നത്, ” നിരാമയ സിഇഒ ഇന്ത്യന്‍ എക്‌സ്പ്രസ്സ്  മലയാളത്തിനോട് പറഞ്ഞു.


നിരാമയ കുമരകം നാള്‍വഴികള്‍ ഇതുവരെ

മാലിന്യ പ്ലാന്‍റ് മുതല്‍ ഭൂമികൈയേറ്റം വരെ 

കുമരകത്ത നിരാമയ റിട്രീറ്റ്സിന് എതിരെ രണ്ടു പരാതികളാണ് പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്‌. ഒന്നാമത്തെ കേസ് 2016ല്‍ ഹോട്ടലിന്‍റെ മാലിന്യ ടാങ്കുമായി ബന്ധപ്പെട്ടതാണ്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നിരാമയയ്ക്ക് അവരുടെ കക്കൂസ് മാലിന്യ ടാങ്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നിരുന്നു. മാലിന്യ പൈപ്പ് പൊതുസ്ഥലത്തേക്ക് തുറന്നുവിടുന്നു എന്നായിരുന്നു നാട്ടുകാര്‍ ഉയര്‍ത്തിയ പരാതി.

“അന്ന് കോടതി വിധി നിര്‍ദ്ദേശിച്ച മാറ്റത്തോടെയാണ് പിന്നീട് ടാങ്ക് സ്ഥാപിക്കുന്നത്, ” കുമരകത്തെ സ്ഥാപനത്തിന്‍റെ ചുമതല വഹിക്കുന്ന രജീഷ് കുമാര്‍ പറഞ്ഞു. രണ്ടാമത്തെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസ് ഈയടുത്താണ് ഉയര്‍ന്നു വന്നത് എന്നും ഏഷ്യാനെറ്റിനെ ലക്ഷ്യംവെച്ചുകൊണ്ട് കെട്ടിപ്പടുത്തതാണ്  കേസ് എന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്.

കൈയേറിയ സ്ഥലത്ത് നിരാമയ പണിത സ്വിമ്മിങ് പൂള്‍

എന്നാല്‍ നിരാമയയുടെ കൈവശമുള്ള ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നത് മുതല്‍ പ്രശ്നങ്ങളും ആരംഭിച്ചതായി പഞ്ചായത്ത് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുവെന്നു   പ്രസിഡന്റ് സാലിമോന്‍ പറയുന്നു.

” 2016 മേയില്‍ തന്നെ നിരാമയയുമായി ബന്ധപ്പെട്ട ഭൂമികയ്യേറ്റ പ്രശ്നം പഞ്ചായത്ത് ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മറ്റി യോഗം കൂടുകയുണ്ടായി. മുന്‍ കേസിലെ വിധിപകര്‍പ്പ് ലഭിക്കാത്തതിനാലും നിലവില്‍ മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാലും ഞങ്ങള്‍ നിയമ വിഗ്‌ദരോടും സഹായം ആരായുകയായിരുന്നു. അഡ്വക്കേറ്റ് ടിഎ ഷാജിയില്‍ നിന്നും ഉപദേശം ഉള്‍ക്കൊള്ളുകയും കൈയേറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുവാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു, ” ഉത്തരവാദിത്ത ടൂറിസത്തിനു സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്രദേശവാസികളുടെയും അഭിപ്രായം മറിച്ചല്ല. ” കായലിനരികില്‍ ഇന്ന് നിരപ്പായി കിടക്കുന്ന സ്ഥലം മുന്‍പ് പുറമ്പോക്ക് ഭൂമിയായിരുന്നു. കായലും പുറമ്പോക്കും കഴിഞ്ഞാണ് അവരുടെ വസ്തു വരുന്നത്. കായലിനോട്‌ ചേര്‍ന്ന് 150 മീറ്റര്‍ നീളത്തില്‍ ആണ് മണ്ണിട്ട്‌ മൂടിയിരിക്കുന്നത്. 1995 മുതല്‍ ഓരോ കാലഘട്ടത്തിലായാണ് നിരാമയ സ്ഥലം ഏറ്റെടുക്കുന്നത്. ഇപ്പോള്‍ അവരുടെ കൈവശമുള്ള ഭൂമിയില്‍ താമസിച്ചവര്‍ക്ക് മോഹവില നല്‍കിയ ശേഷം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ് ഇവിടത്തെ നികത്തല്‍,” എന്നുമാണ് പ്രദേശവാസിയായ കുഞ്ഞുമോന്‍ പറയുന്നത്.

കുമരകം പഞ്ചായത്ത് പ്രസിഡന്റ് സാലി മോന്‍ സംസാരിക്കുന്നു

നിരാമയയുടെ കൈവശമുള്ള ഭൂമിയില്‍ കൈയേറ്റവും തണ്ണീര്‍ തടം നികത്തലുമടക്കമുള്ള ആരോപണങ്ങളില്‍ പൊരുളുണ്ട് എന്നാണ് വെള്ളിയാഴ്ച്ച സ്ഥലം അളന്നു തിട്ടപ്പെടുത്തിയ വില്ലേജ് ഓഫീസര്‍ തോമസ്‌ കുട്ടി പറയുന്നത്.       “സ്ഥലത്ത് കൈയ്യേറ്റം ഉണ്ട് എന്നത് റവന്യൂ വകുപ്പ് മുന്‍പും വ്യക്തമാക്കിയിട്ടുള്ളതാണ്. പത്ത്, പതിനൊന്ന് എന്നീ ബ്ലോക്കുകളിലായാണ് കൈയേറ്റം നടന്നത്. ഒരു സ്ഥലത്ത് അഞ്ച് സെന്റില്‍ കൂടുതലും മറ്റൊരു സ്ഥലത്ത് ഒരു സെന്ററില്‍ കൂടുതലും കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. മുന്‍പ്‌ കണ്ടെത്തിയത് പോലെ പ്രഥമദൃഷ്ട്യാ രണ്ടു കുറ്റങ്ങളാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഭൂമി കൈയേറ്റത്തിന്‍റെയും തണ്ണീര്‍ തടം നികത്തലിന്‍റെയും വകുപ്പില്‍ വരുന്ന കുറ്റങ്ങളാണിവയെന്ന്,”  വില്ലേജ് ഓഫീസര്‍ പറഞ്ഞു.

അതേസമയം പഞ്ചായത്തിന്‍റെ നടപടിയെ  “പ്രതീകാത്മകമായ’ നിയമപരമായും ധാര്‍മികമായും നേരിടും” എന്നാണ് നിരാമയ പറയുന്നത്. ഭൂമി കൈയേറ്റവും തണ്ണീര്‍തടം നികത്തലും നിഷേധിച്ച നിരാമയ “യാതൊരു തെളിവുകളുമില്ലാതെ കെട്ടിചമച്ചതാണ് ഈ നോട്ടീസ്” എന്നും തങ്ങളെ കൃത്യമായി ലക്ഷ്യംവെക്കുകയും അപമാനിക്കുകയുമാണ് പഞ്ചായത്ത് അധികാരികള്‍ ചെയ്യുന്നത് എന്നുമുള്ള ആരോപണം തുടരുന്നു. “ഒരു ദിവസം വന്ന് റിസോര്‍ട്ടില്‍ കോടികളുടെ നഷ്ടം വിതച്ച ശേഷം അത് മറച്ചുവെക്കുവാനാണ് അടുത്ത ദിവസമം തന്നെ ഇത്തരത്തിലൊരു നോട്ടീസ് തരുന്നത്,” പഞ്ചായത്തിന്‍റെ നോട്ടീസിനെ കുറിച്ച് നിരാമയ സിഇഒ  ഐഇ മലയാളത്തോട് പറഞ്ഞു.

അതേസമയം, അനധികൃത ഭൂമി കൈയേറ്റവും തണ്ണീര്‍തടം നികത്തലും ഒരു കാരണവശാലും അംഗീകരിക്കില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സാലിമോന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞത്. ” രണ്ടു സ്ഥലങ്ങളിലായി  ഏകേശം ഏഴ്  സെന്ര് ഭൂമിയാണ്  കൈയേറ്റമായി വില്ലേജ് ഓഫീസ് കണ്ടെത്തിയത്. അതില്‍ ഒരു ഭാഗത്തെ കൈയേറ്റഭൂമിയില്‍ കെട്ടിടവും സ്വിമ്മിങ് പൂളും, ഗാര്‍ഡനും മതിലും അടക്കമുള്ള നിര്‍മാണപ്രവര്‍ത്തനവും അരങ്ങേറിയിട്ടുണ്ട്.” പ്രകൃതി ചൂഷണം നടത്തിയുള്ള വികസനത്തേയും ‘കോര്‍പ്പറേറ്റ് മുഷ്കിനേയും’ യാതൊരു കാരണവശാലും  അനുവദിക്കില്ല എന്ന്  കുമരകം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അതിനിടയില്‍ ബിജെപി എംപിയും ജൂപ്പിറ്റര്‍ ഇന്‍വെസ്റ്റേഴ്സ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ” എന്നോട് രാജി ആവശ്യപ്പെടുന്ന സിപിഎമ്മിനോട്  എനിക്ക് പറയാനുളളത്  ഇതാണ്:  നിങ്ങളുടെ  ഭീഷണി, അക്രമ രാഷ്ട്രീയം ഞാൻ  അവസാനിപ്പിക്കും. ഞാൻ നിങ്ങളുടെ എല്ലാ ആക്റ്റിവിസ്റ്റുകളെയോ അല്ലെങ്കിൽ കുറച്ചുപേരെയെങ്കിലും  ജയിലില്‍ അടക്കുകയും ചെയ്ത ശേഷം ഞാന്‍ രാജി വെക്കാം ” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook