ന്യൂഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് വാർത്താ ചാനലിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്ന് മലയാളിയും രാജ്യസഭാ എംപിയുമാ‍യ രാജീവ് ചന്ദ്രശേഖർ രാജിവെച്ചു. ബി.ജെ.പി ടിക്കറ്റിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് സ്ഥാനങ്ങൾ രാജിവെക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വാർത്താകുറിപ്പിൽ അറിയിച്ചു.

എ.ആർ.ജി ഔട്ട്‌ലൈനർ-ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബോർഡ് ഡയറക്ടർ സ്ഥാനത്ത് നിന്നും അർണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ചാനലിന്‍റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് നിന്നും രാജീവ് ചന്ദ്രശേഖർ രാജി സമർപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിലെയും റിപ്പബ്ലിക് ടിവിയിലെയും ഓഹരികൾ നിലനിർത്തിയാണ് രാജീവ് ചന്ദ്രശേഖർ സ്ഥാനങ്ങൾ ഒഴിഞ്ഞിരിക്കുന്നത്. നേരത്തെ 2006ൽ സ്വതന്ത്ര എംപിയായി കർണ്ണാടകയിൽ നിന്ന് അദ്ദേഹം രാജ്യസഭയിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ ബിജെപി ടിക്കറ്റിലായിരുന്നു രാജീവ് ചന്ദ്രശേഖർ വീണ്ടും രാജ്യസഭ എംപിയായത്. രാജീവ് ചന്ദ്രശേഖറിന്റെ ജുപ്പീറ്റർ ക്യാപിറ്റൽ ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡ പ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലാണ് മുതൽ മുടക്ക് നടത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ