ജയ്പൂർ: സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമുമായി ബന്ധപ്പെട്ടുയർന്ന പീഡന വിവാദം കെട്ടടങ്ങും മുൻപ് മറ്റൊരു ആൾദൈവം കൂടി പീഡനക്കേസിൽ പ്രതിയായി. ആൾവാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വാമി ഫലേഹാരി ബാബയ്ക്ക് എതിരെ ഛത്തീസ്ഗഡ് സ്വദേശിയായ 21 കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്.

അനുയായിയായ പെൺകുട്ടിയെ ആണ് സ്വന്തം ആശ്രമത്തിൽ സ്വാമി പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇന്റേൺഷിപ്പ് കാലത്ത് പ്രതിഫലമായി ലഭിച്ച 3000 രൂപ സ്വാമിക്ക് സമർപ്പിക്കാനാണ് യുവതി ആശ്രമത്തിലെത്തിയത്. എന്നാൽ ഇദ്ദേഹം മൗനവ്രതത്തിലാണെന്ന് വ്യക്തമാക്കിയ സ്വാമിയുടെ അനുചരന്മാർ യുവതിയോട് ആശ്രമത്തിൽ തങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവത്രേ.

പിന്നീട് രാത്രി സ്വാമിയുടെ മുറിയിലേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷമാണ് പീഡിപ്പിച്ചത്. ഛത്തീസ്ഗഡ് ഡിജിപി എഎൻ ഉപാധ്യായയെ നേരിട്ട് ഫോണിൽ വിളിച്ചാണ് യുവതിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ഇതോടെ അറസ്റ്റിനുള്ള സാധ്യതകളും വർദ്ധിച്ചു.

എന്നാൽ രക്തസമ്മർദ്ദം ഉയർന്നെന്നു കാണിച്ച് 70കാരനായ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് കെട്ടിച്ചമച്ച ആരോപണമാണെന്ന് ആശ്രമം അധികൃതർ വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook