ജയ്‌പൂർ: ബാരൻ ജില്ലയിൽ 40കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഒരു മാസം മുൻപാണ് ഈ സംഭവം നടന്നത്. എന്നാലും ഇപ്പോഴാണ് സ്ത്രീ പരാതിയുമായി രംഗത്ത് വന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് ഐപിസി 376ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വവീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിന് ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഭർത്താവിന്റെ ബന്ധുക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് ബാരൻ ജില്ലയിലെ ഇവരുടെ വീട്ടിനടുത്ത് വച്ച് ആക്രമിക്കപ്പെട്ടതെന്നാണ് പരാതിക്കാരി പൊലീസിനോട് പറഞ്ഞത്. സുഹൃത്തായ ചേതൻ മീന(21) ആണ് സ്ത്രീയെ ബൈക്കിൽ സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി.

ഇവിടെ വച്ച് ചേതന്റെ സുഹൃത്തുക്കളായ അഞ്ച് പേരും ഇവരെ ലൈംഗികമായി ഉപയോഗിച്ചു. ബന്ധുവിന്റെ വീട്ടിന് സമീപത്ത് അടുത്ത ദിവസം കൊണ്ടുവിട്ട ശേഷം സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലും ഫെയ്സ്‌ബുക്കിലുമായി പ്രചരിക്കുകയും സംഭവം നാട്ടുകാർ അറിയുകയും ചെയ്തതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. സ്ത്രീയെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി മൊഴിയെടുക്കും. പിന്നീടേ അറസ്റ്റുൾപ്പടെയുളള കാര്യങ്ങളിലേക്ക് കടക്കുകയുളളൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ