ന്യൂഡൽഹി:  രാജസ്ഥാനിലും തെലങ്കാനയിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. രാജസ്ഥാനിൽ 199 സീറ്റുകളിലേയ്ക്കും തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കും മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്.

ബിഎസ്‌പി സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് രാജസ്ഥാനിലെ  രാം ഘട്ട് സീറ്റിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കലാശക്കൊട്ടിന് ചൂടേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായും സംസ്ഥാനത്തുണ്ട്. അവസാന ലാപ്പിൽ കോൺഗ്രസിനോട് ഒപ്പത്തിനൊപ്പം എത്താൻ സാധിച്ചെന്നാണ് ബിജെപിയുടെ നിഗമനം. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് ഡിസംബർ 11 ന് മാത്രമേ അറിയാൻ സാധിക്കൂ.

കോൺഗ്രസിന്റെ പ്രധാന നേതാക്കളും കലാശക്കൊട്ടിന് സംസ്ഥാനത്ത് എത്തുന്നുണ്ട്. അതേസമയം 1777 പേർ മത്സരരംഗത്തുളള തെലങ്കാനയിലും വാശിയേറിയ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. തെലങ്കാന രാഷ്ട്രസമിതിയും കോൺഗ്രസിന്റെ മഹാസഖ്യവും തമ്മിലാണ് ഇവിടെ മത്സരം.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. ബിജെപിയുമായി സഖ്യം ഉപേക്ഷിച്ച ടിആർഎസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു ഇന്ന് സ്വന്തം മണ്ഡലമായ ഗജ്‍വേലിൽ ഉൾപ്പെടെ അഞ്ച് റാലികളിൽ പങ്കെടുക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സംസ്ഥാനത്തുണ്ട്.  സൂര്യപേട്ട് ജില്ലയിലെ മഹാസഖ്യത്തിന്റെ റാലിയിൽ അദ്ദേഹം  പങ്കെടുക്കും. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനൊപ്പം വൈകുന്നേരം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കും. തെലങ്കാനയിൽ വൻ വിജയ പ്രതീക്ഷയാണ് ഇക്കുറി കോൺഗ്രസിന്റെ മഹാസഖ്യത്തിനുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ