ജയ്‌പൂർ: 10-ാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾക്ക് മുന്നിൽ വച്ച് അതിക്രൂരമായി മർദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. രാജസ്ഥാനിലെ ഡീഡ്‌വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡൽ സ്കൂളിലെ ഫിസിക്കൽ അധ്യാപകനായ ജയ്റാം മീനയാണ് ക്ലാസിനകത്ത് വച്ച് കുട്ടിയെ തല്ലിച്ചതച്ചത്. കുട്ടിയെ അധ്യാപകൻ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

40 സെക്കന്റ് ദൈർഘ്യമുളള വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. ക്ലാസ് മുറിയിൽ ഇരിക്കുന്ന കുട്ടിയെ അധ്യാപകൻ തലങ്ങും വിലങ്ങും മർദ്ദിക്കുന്നതും മറ്റു കുട്ടികൾ ഇത് നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം.

ക്ലാസിൽ വൈകിയെത്തിയതിനാണ് അധ്യാപകൻ മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞതായി എൻഡിവി റിപ്പോർട്ട് ചെയ്യുന്നു. ”വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചതിനുപിന്നാലെ മർദ്ദിക്കുകയായിരുന്നു. എന്റെ മുടിയിൽ പിടിച്ച് തുടർച്ചയായി മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് ഞാൻ ബോധരഹിതനായി വീണു. സുഹൃത്തുക്കളാണ് ആശുപത്രിയിലേക്ക് എന്നെ കൊണ്ടുപോയത്. എനിക്ക് ബോധം വന്നപ്പോഴാണ് മാതാപിതാക്കളോട് മർദ്ദനത്തെക്കുറിച്ച് പറഞ്ഞത്”, വിദ്യാർത്ഥി പറഞ്ഞു.

അധ്യാപകനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി ലാൽസോട്ട് പൊലീസ് സ്റ്റേഷൻ ഓഫിസർ രാജേന്ദ്ര കുമാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ