/indian-express-malayalam/media/media_files/uploads/2023/05/congress-1.jpeg)
congress
ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഒരുമിച്ചുനിന്ന് പോരാടുമെന്ന് കോണ്‍ഗ്രസ്. ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്.
''തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിജയിക്കും. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ഈ നിര്‍ദേശത്തോട് ഏകകണ്ഠമായി യോജിച്ചു,'' കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരും പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ നാല് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചതായുള്ള കോണ്‍ഗ്രസ് പ്രഖ്യാപനം.
2020 ജൂലൈ മുതല്‍ സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് സച്ചിന്‍ പൈലറ്റ് നടത്തിയ പ്രതിഷേധങ്ങളില്‍ രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ആര്‍പിസിസി) അസംതൃപ്തരാണ്. തുടര്‍ന്ന് സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പാര്‍ട്ടി നീക്കിയിരുന്നു. എന്നാല്‍ അന്നുമുതല്‍ പ്രശന്ങ്ങള്‍ പുകയുകയാണ്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിനെതിരായ അഴിമതി കേസുകളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിലില്‍ ജയ്പൂരില്‍ സച്ചിന്‍ പൈലറ്റ് നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
സച്ചിന്‍ പൈലറ്റിന്റെ സമരത്തിനെതിരെ കോണ്‍ഗ്രസ് ആദ്യം ശക്തമായി പ്രതികരിച്ചു, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എഐസിസി) രാജസ്ഥാന്‍ ചുമതലയുള്ള സുഖ്‌ജിന്ദർ സിങ് രണ്‍ധാവ നിരാഹാര സമരം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന പ്രസ്താവന പുറപ്പെടുവിച്ചു. സച്ചിന്റെ സമരം ഗെഹ്‌ലോട്ടിനെ ഒതുക്കാനുള്ള ശ്രമമായാണ് കണ്ടത്. ദിവസങ്ങള്‍ക്ക് ശേഷം മുന്‍ ഉപമുഖ്യമന്ത്രിയുമായി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തി. ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ കോണ്‍ഗ്രസ് നിയോഗിച്ചു.
കമല്‍നാഥ് സച്ചിന്‍ പെലറ്റും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ആ ചര്‍ച്ചകൾ കൊണ്ട് യാതൊരു നേട്ടവും ഉണ്ടായില്ല. എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ എതിര്‍ത്തുകൊണ്ട് 2020ല്‍ തന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ തന്റെ മുന്‍ഗാമിയായ രാജെ സഹായിച്ചുവെന്ന ഗെഹ്ലോട്ടിന്റെ പ്രസ്താവന കൂടുതല്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.
തന്റെ നേതാവ് സോണിയാ ഗാന്ധിയല്ല രാജെയാണെന്ന് തോന്നുന്നുവെന്നും അഴിമതിക്കേസുകളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദിവസത്തെ യാത്ര നടത്തിയെന്നും സച്ചിന്‍ പൈലറ്റ് ഗെഹ്ലോട്ടിനെതിരെ തിരിച്ചടിച്ചു. പൈലറ്റ് സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും തന്റെ മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പേപ്പര്‍ ചോര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ ഇരുപക്ഷത്തിന്റെയും നിലപാടുകള്‍ കടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.