ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെയും 18 വിമത എം‌എൽ‌എമാരെയും അയോഗ്യരാക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ നിയമസഭാ സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹർജിയിൽ സുപ്രീം കോടതി ഇന്നു വാദം പുനരാരംഭിക്കാനിരിക്കെയാണു സ്പീക്കറുടെ നീക്കം.

ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും ഭരണഘടന പ്രകാരം സ്പീക്കറുടെ അധികാരങ്ങളെ അവഹേളിക്കുന്നതാണ് എന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ സി.പി ജോഷി പറഞ്ഞിരുന്നു.

നേരത്തെ, സ്പീക്കറുടെ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് ജൂലൈ 24 വരെ ഹൈക്കോടതി മാറ്റിവച്ചിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

Also Read: ജനാധിപത്യത്തിനു വേണ്ടി ശബ്ദിക്കൂ; രാജസ്ഥാനിലെ ജനങ്ങളോട് രാഹുൽ ഗാന്ധി

അതേസമയം, നിയമസഭാ സമ്മേളനത്തിന് അനുമതി തേടി മുഖ്യമന്ത്രി അശോക് ഗെലോട്ട് ശനിയാഴ്ച രാത്രി സമര്‍പ്പിച്ച പുതി നിര്‍ദേശം ഗവര്‍ണര്‍ കല്‍രാജ് മിശ്ര മടക്കി. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട ഫയലുകൾ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര സംസ്ഥാന പാർലമെന്ററി കാര്യ വകുപ്പിന് തിരികെ നൽകി.

സര്‍ക്കാര്‍ നേരത്തെ നല്‍കിയ ശിപാര്‍ശ ആറ് കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ തള്ളിയിരുന്നു. ”എല്ലാ ചോദ്യങ്ങള്‍ക്കും ഏറ്റവും പുതിയ ശിപാര്‍ശയില്‍ ഉത്തരം നല്‍കിയിട്ടുണ്ട്, ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനുള്ള അനുമതി തേടി,” എന്നാണ് ഇതുസംബന്ധിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം കോൺഗ്രസിൽ ചേർന്ന ആറ് പാർട്ടി എം‌എൽ‌എമാർക്ക് ബി‌എസ്‌പി വിപ്പ് നൽകിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയമോ മറ്റു നടപടികളോ നടക്കുകയാണെങ്കിൽ അശോക് ഗെലോട്ട് സർക്കാരിനെതിരെ വോട്ട് ചെയ്യാനാണ് നിർദേശം. വിപ്പ് ലംഘിച്ചാൽ പത്താം പട്ടികയിലെ 2 (1) (ബി) വ്യവസ്ഥ പ്രകാരം അയോഗ്യത നേരിടേണ്ടിവരുമെന്ന് ബി‌എസ്‌പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര ഡൽഹിയിൽ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബി‌എസ്‌പി എംഎൽഎമാരെ കോൺഗ്രസിൽ ലയിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മിശ്ര ഗവർണർക്കും നിയമസഭാ സ്പീക്കർക്കും കത്തെഴുതിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ബിജെപി നേതാവ് സതീഷ് പൂനിയ പറഞ്ഞു.

അതേസമയം, രാജസ്ഥാനിലെ സംഭവ വികാസങ്ങളിൽ ബിജെപിക്കെതിരെ അണിനിരക്കാൻ ജനങ്ങളോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭ്യർഥിച്ചു. #SpeakUpForDemocracy എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് “ജനാധിപത്യത്തിനായി ഒന്നിച്ച് ശബ്ദമുയർത്താൻ” രാഹുൽ ജനങ്ങളോട് പറഞ്ഞു.

Also Read: സര്‍ക്കാര്‍ വസതി ഒഴിയും മുൻപ് പുതിയ താമസക്കാരെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക

അശോക് ഗെലോട്ട് സർക്കാർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധത്തിനു കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. രാഷ്ട്രപതി ഭവനു പുറത്ത് പ്രതിഷേധം നടക്കുമെന്ന് പാർട്ടി അറിയിച്ചു.

അതേസമയം, വിഷയത്തില്‍ തുടക്കത്തില്‍ തന്നെ സുപ്രീം കോടതിയിലേക്കു നിയമയുദ്ധം നീട്ടുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണു വിവരം. ഹൈക്കോടതിയുടെ ഉത്തരവ് സ്പീക്കറുടെ അധികാരവകാശങ്ങള്‍ ചോദ്യം ചെയ്യുന്നതാണെങ്കിലും ഇതിനെ ഉടനടി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. അപ്പീല്‍ സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സമയമുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചതിനാല്‍ സുപ്രീംകോടതിയില്‍ സ്പീക്കർ സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷ (എസ്എല്‍പി) പിന്‍വലിക്കണമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Read More in English:Rajasthan government crisis LIVE updates: Speaker withdraws plea in Supreme Court against HC order on rebel MLAs

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook