ജയ്പൂര്‍: രാജസ്ഥാനിലെ നാഗോറില്‍ മാനസികാസ്വസ്ഥമുളള സ്ത്രീക്ക് നേരെ പൈപ്പ് ഉപയോഗിച്ച് ക്രൂരമായ ആക്രമണം. ആദ്യം ‘അള്ളാ’ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ ‘ജയ് ശ്രീറാം’ എന്നും ‘ജയ് ഹനുമാന്‍’ എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടാണ് മര്‍ദ്ദിച്ചത്.

ജൂണ്‍ 13ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നാഗോര്‍ ഡിഎസ്പി ഓം പ്രകാശ് ഗൗതം വ്യക്തമാക്കി. പ്രകാശ്, ശ്രാവണ്‍ എന്നിവരാണ് സ്ത്രീയെ ആക്രമിച്ചതെന്ന് ഡിഎസ്പി പറഞ്ഞു

റോഡരികില്‍ ഇരുന്ന സ്ത്രീയോടാണ് മുഖം തുണി കൊണ്ട് മറച്ച രണ്ട് പേര്‍ അക്രമം കാട്ടിയത്. ആദ്യം അളളാ എന്ന് വിളിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിളിക്കാന്‍ സാധിക്കാതിരുന്ന സ്ത്രീയെ പൈപ്പ് കൊണ്ട് അടിച്ച് താഴെയിട്ട് ആക്രമിച്ചു. തുടര്‍ന്ന് ‘ജയ് ശ്രീറാം’ എന്നും ‘ജയ് ഹനുമാന്‍’ എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തേയും ഇത്തരത്തിലുളള സംഭവങ്ങളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈയടുത്താണ് ഉത്തര്‍പ്രദേശില്‍ മാംസ കച്ചവടക്കാരെ അക്രമിച്ച് ഗോരക്ഷാ സേന മുദ്രാവാക്യം വിളിപ്പിച്ചത്.
കഴിഞ്ഞയാഴ്ച്ച അഹമ്മദാബാദില്‍ നിന്നുളള ഒരു ഗവണ്‍മെന്റ് സ്കൂള്‍ പ്രധാനാധ്യാപകന്‍ ഒരു ദലിത് യുവതിയേയും 8 വയസുളള കുട്ടിയേയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ