ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ വീണ്ടും ഭരണം തിരികെ പിടിച്ച കോൺഗ്രസിന് ഇന്ന് ആവേശ ദിവസം. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്യുന്നത്. തലസ്ഥാനമായ ജയ്‌പൂരിൽ ആൽബർട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങുകൾ.

മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാൽ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ. വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്‌ഗഡിൽ കോൺഗ്രസ് സർക്കാർ അധികാരമേൽക്കുന്നത്.

ഛത്തീസ്‌ഗഡിൽ ഭൂപേഷ് ഭാഗേലാണ് മുഖ്യമന്ത്രി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാൻ സാധിക്കും വിധമാണ് മൂന്നിടത്തും സത്യപ്രതിജ്ഞാ ചടങ്ങുകൾ ക്രമീകരിച്ചത്. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ഛത്തീസ്ഗഡിൽ ആകെയുളള 90 ൽ 68 സീറ്റിലും കോൺഗ്രസാണ് വിജയിച്ചത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും തർക്കങ്ങൾ ഉടലെടുത്തു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.  ഭൂപേഷ് ഭാഗേൽ, അംബികാപൂർ എംഎൽഎ ടി.എസ്.സിങ് ദിയോ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നത്.

ഒടുക്കം ഭാഗലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയായി തീരുമാനിച്ചു. രാജസ്ഥാനിലും സമാനമായ തർക്കം ഉണ്ടായിരുന്നു. ഇരുപക്ഷവും വിട്ടുകൊടുക്കാതിരുന്നതിനാൽ ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമായി നിശ്ചയിച്ചു.

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. എന്നാൽ കമൽനാഥും ശക്തമായ ആവശ്യവുമായി രംഗത്ത് വന്നതോടെ സിന്ധ്യ പിന്മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook