ജയ്‌പൂർ/ഭോപ്പാൽ: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിമാർക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

രാജസ്ഥാനിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയായും, സംസ്ഥാന അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയ്പൂരിൽ നടന്ന ചടങ്ങിൽ ഗവർണർ കല്യാൺ സിങ്ങാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഹുൽ ഗാന്ധിക്ക് പുറമെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഇത് മൂന്നാം തവണയാണ് അശോക് ഗെഹ്‍ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത്.

മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിൽ നടന്ന ചടങ്ങിൽ ഗവർണർ ആനന്ദിബൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പുറമെ മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്, എച്ച്.ഡി.ദേവഗൗഡ, മറ്റ് പ്രതിപക്ഷ നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

രാജസ്ഥാനിലെ സത്യപ്രതിജ്ഞ ചടങ്ങൾക്ക് ശേഷമാണ് നേതാക്കൾ മധ്യപ്രദേശിലെത്തിയത്. ഇവിടെനിന്നും ഛത്തീസ്ഗഡിലേക്ക് തിരിക്കുന്ന നേതാക്കൾ ഭൂപേഷ് ബാഗലിന്രെ സത്യപ്രതിജ്ഞയിലും പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook