ജയ്‌പൂര്‍: ലൗവ് ജിഹാദ് ആരോപിച്ച് അഫ്രാസുൽ എന്ന തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വാദം നിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തി. തനിക്ക് കൊലപാതകിയുമായി ഒരു ബന്ധവുമില്ലെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദു സഹോദരിയെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം.

‘2010 ല്‍ ഞാന്‍ പശ്ചിമ ബംഗാളില്‍ പോയി. മാള്‍ഡയിലെ സയിദ്പൂര്‍ സ്വദേശിയായ ഒരു മുഹമ്മദ് ബബ്ലു ഷെയ്ക്കിനൊപ്പമാണ് പോയത്. ഞങ്ങള്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അവിടെ താമസിക്കുകയും ചെയ്തു. എന്നാല്‍ 2013 ല്‍ സ്വന്ത ഇഷ്ടപ്രകാരം രാജസ്ഥാനിലേക്ക് തിരികെ പോരുകയും ചെയ്തു. റൈഗറാണ് എന്നെ തിരിച്ചു കൊണ്ടുവന്നു എന്നത് കള്ളമാണ്’ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ പെൺകുട്ടി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

‘മാള്‍ഡയില്‍ എത്തി കുറച്ചു നാളുകള്‍ക്ക് ശേഷം അമ്മയെ വിളിക്കുകയും ഇതറിഞ്ഞ റൈഗാര്‍ അയാളുടെ മാത്രം ആവശ്യപ്രകാരം തന്നെ തിരികെ കൊണ്ടുപോകാന്‍ വരികയും ചെയ്തു. അമ്മയില്‍ നിന്ന് 10,000 രൂപയും വാങ്ങിച്ചിരുന്നു. റൈഗാര്‍ തന്നെ രക്ഷിക്കുക അല്ലായിരുന്നു, അയാളുടെ കൂടെ വരാന്‍ ഞാന്‍ തയ്യാറായില്ല’ പെണ്‍കുട്ടി വ്യക്തമാക്കി. റൈഗാറും ഇതേ സമുദായത്തില്‍ പെട്ടയാളാണെന്നും അയാളുമായി രാഖി ബന്ധം മാത്രമാണുള്ളതെന്നും പെണ്‍കുട്ടി പറഞ്ഞു. 20 വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ഇപ്പോള്‍ അമ്മക്കും സഹോദരനും ഒപ്പമാണ് താമസിക്കുന്നത്.

താന്‍ കാരണമാണ് അഫ്രാസുല്‍ കൊല്ലപ്പെട്ടുവെന്നത് തികച്ചും തെറ്റാണന്നെും രാജ്സാമണ്ടിലെ ബംഗാളിലെ കോണ്‍ട്രാക്ടറേയും തൊഴിലാളികളേയും റൈഗാറിന് അറിയാമായിരുന്നു എന്നും അയാളും അവിടുത്തെ ഒരു തൊഴിലാളിയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.

പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രാസുൽ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അഫ്രാസുലിനെ അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.അഫ്രാസുൽ തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook