ജയ്പൂർ: രാജസ്ഥാനിലെത്തിയ കോവിഡ് 19 ബാധിതരായ ഇറ്റാലിയൻ വയോധിക ദമ്പതികൾക്ക് എച്ച്ഐവി വിരുദ്ധ ചികിത്സ നൽകിയതിനെ തുടന്ന് ഇവരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവായി. ഇറ്റലിയിൽനിന്നു ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിലാണ് എച്ച്ഐവി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ചേർത്തുനൽകിയത്.

“രണ്ട് തവണ നടത്തിയ പരിശോധനയിലും അവരുടെ ഫലങ്ങൾ നെഗറ്റീവാണ്. അതായത് അവർ രോഗവിമുക്തരായിരിക്കുന്നു,” രാജസ്ഥാൻ ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. ഫെബ്രുവരി 28 ന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ 85കാരന്റെ പരിശോധനാ ഫലം മാർച്ച് 11ന് പോസിറ്റീവ് ആയിരുന്നുവെന്നും, എന്നാൽ പുതിയ പരിശോധനയിൽ അത് നെഗറ്റീവ് ആയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഇറ്റാലിയൻ രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യ ആദ്യമായി എച്ച്ഐവി ബാധിതർക്കു നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോഗിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേരത്തെ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു. 85 വയസുകാരനും ആൻറിവൈറൽ മരുന്നുകൾ നൽകിയതായി സംസ്ഥാന ആരോഗ്യ അധികൃതർ അറിയിച്ചു.

Read More: കോവിഡ് 19: മരണം 6000 കടന്നു; ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും 450 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

അവരുടെ അവസ്ഥ കൂടുതൽ വഷളായതും പ്രായമായവരുടെ മരണ നിരക്ക് ഉയന്നതുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗികളുടെ സമ്മതം വാങ്ങുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ നൽകിയത്.

മരുന്നുകളുടെ ഫലപ്രാപ്തിയുടെ തെളിവായി രാജസ്ഥാനിലെ ഫലങ്ങൾ വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് മുതിർന്ന ഐസി‌എം‌ആർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. “ചൈനയിലെ വലിയ പരീക്ഷണത്തിന്റെ ഫലങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കും,” പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമൻ ആർ. ഗംഗാഖേദ്കർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശുപത്രികളിൽ നിന്നും 10 രോഗികൾ വൈറസ് വിമുക്തരായി ഡിസ്ചാർജ് ചെയ്യപ്പെട്ടു. എന്നാൽ ഇവരിൽ ഈ മരുന്ന് പരീക്ഷിച്ചിട്ടില്ല.

ഇറ്റലിയിലെ വയോധിക ദമ്പതികളിലെ ഭർത്താവിനെ മാർച്ച് മൂന്നിനും ഭാര്യയ്ക്ക് തൊട്ടടുത്ത ദിവസവുമാണ് കൊറോണ സ്ഥിരീകരിച്ചത്. സർക്കാർ നടത്തുന്ന സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയുടെ കീഴിലുള്ള പകർച്ചവ്യാധി ആശുപത്രിയിൽ ഇരുവരെയും ക്വാറന്റൈൻ ചെയ്തിരുന്നു.

ഈ നേട്ടത്തിന്റെ അവിഭാജ്യ ഘടകമായ എന്റെ സഹപ്രവർത്തകർ, ഫിസിഷ്യൻമാർ, അനസ്തെറ്റിസ്റ്റുകൾ, പാരാമെഡിക്കുകൾ, റസിഡന്റ്, നഴ്സിംഗ് സ്റ്റാഫ് എന്നിവരെ അഭിവാദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ”എസ്എംഎസ് ആശുപത്രി പ്രിൻസിപ്പൽ സുധീർ ഭണ്ഡാരി പറഞ്ഞു.

ഇതോടെ, രാജസ്ഥാനിൽ ഇപ്പോൾ ഒരു കോവിഡ് പോസിറ്റീവ് രോഗി മാത്രമേയുള്ളൂ. സ്പെയിനിലേക്ക് യാത്ര ചെയ്തിട്ടുള്ള 24കാരനാണ് ഇദ്ദേഹം.

Read in English: Rajasthan: Italian couple who got anti-HIV drugs test COVID-negative

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook