ജയ്‌പൂർ: രാജസ്ഥാനിലെ ഐആർഎസ് ഓഫീസറുടെ അറസ്റ്റിനു മൂന്ന് ദിവസത്തിന് ശേഷം രാജസ്ഥാൻ പൊലീസിന്റെ ആന്റി- കറപ്ഷൻ ബ്യൂറോ (എസിബി) അദ്ദേഹത്തിന് എതിരെ വരുമാനത്തിൽ കവിഞ്ഞ ആസ്തി കൈവശം വച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ്.

എസിബി ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം 1989 ൽ കസ്റ്റംസ് അപ്രൈസറായി ജോലിയിൽ പ്രവേശിച്ച് 1997 ടുകൂടി ഐആർഎസ് ഉദ്യോഗസ്ഥനായ, സഹി റാം മീന, നൂറ് കോടിയിൽ അധികം മൂല്യം വരുന്ന സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട്.

ജനുവരി 26 നു സഹി റാം മീനയുടെ അറസ്റ്റിനെത്തുടർന്ന് അദ്ദേഹത്തിന്റെ ജയ്പൂരിലെയും കോട്ടയിലെയും വീടുകളിൽ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന്റെ പേരിലും ബന്ധുക്കളുടെ പേരിലുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നൂറ് പ്ലോട്ടുകൾ, പെട്രോൾ പമ്പുകൾ, കല്യാണമണ്ഡപങ്ങള്‍, വലിയ ട്രക്കുകൾ, കൃഷി ഭൂമികൾ എന്നിവയുടെ പ്രമാണങ്ങൾ പിടിച്ചെടുക്കുകയുണ്ടായെന്ന് എസിബി. ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു കൂടാതെ കണക്കിൽപ്പെടുത്താത്ത രണ്ടേകാൽ കോടിയോളം രൂപ വീണ്ടെടുത്തതും, ഈ അറസ്റ്റിനെ രാജസ്ഥാന്‍ എസിബിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാക്കിത്തീര്‍ത്തിരിക്കുകയാണ്.

“കോട്ടയിലെ നാർക്കോട്ടിക് ബ്യൂറോയിൽ പോസ്റ്റു ചെയ്യപ്പെട്ട മീന, ലൈസൻസുള്ള മയക്കു മരുന്നു കൃഷിക്കാരിൽനിന്നും കൈക്കൂലി വാങ്ങുന്നതായി ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. രണ്ട വർഷം മുൻപേ മധ്യപ്രദേശിലെ നീമുച്ചിൽ നിന്നുമാണ് കോട്ടയിലേക്ക് മീനയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ദിവസ വരുമാനം ലക്ഷക്കണക്കിന് രൂപയാണെന്നുള്ളത് വിശ്വസിക്കാൻ തക്ക കാരണങ്ങളുമുണ്ടായിരുന്നു” എസിബിയുടെ അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് സൗരഭ് ശ്രീവാസ്‌തവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്യപ്പെടുന്നതിനു മണിക്കൂറുകൾക്കു മുന്‍പേ അദ്ദേഹം തന്റെ ഓഫീസിലെ റിപ്പബ്ലിക്ക് ദിന പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു. പതാക ഉയർത്തുകയും നീതിബോധത്തെക്കുറിച്ചും മൂല്യങ്ങളെപ്പറ്റിയും പ്രഭാഷണം നൽകുകയും ചെയ്തിരുന്നു.

“കൈക്കൂലിയായി ലഭിച്ച പണത്തിന്റെ കണക്കു സൂക്ഷിച്ച മീനയുടെ ഡയറി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് അയാൾ ഈ പണം മറ്റുള്ളവർക്ക് പലിശയ്ക്ക് നൽകുകയായിരുന്നു പതിവ്. അറസ്റ്റിന്റെ സമയത്തിന് മീനയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപയ്ക്കു പുറമെ ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് കണ്ടെത്തുകയുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മീന ആഗ്രഹിച്ചിരുന്നതായും അതിനായി പല രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഞങ്ങൾക്ക് അറിയാൻ സാധിച്ചു,” ഒരു എസിബി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പിഎച്ച്ഡിക്കാരനായ മീന നികുതിയെക്കുറിച്ചുള്‍പ്പെടെ പല പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. “ഞങ്ങൾ മീനയുടെ ഫോൺ സംഭാഷണം ചോർത്തുകയുണ്ടായി. അറസ്റ്റിനു മുൻപുള്ള ദിവസം ഇടനിലക്കാരനുമായുള്ള സംസാരത്തിൽ പതാക ഉയർത്തിയതിനു ശേഷം താങ്കളുമായുള്ള ‘ജോലി’ ശരിയാക്കാം എന്നാണ് പറഞ്ഞത്. ‘ജോലി’ എന്നതു കൊണ്ട് മീന കൈക്കൂലി വാങ്ങുന്നതാണ് ഉദ്ദേശിച്ചത്,” ശ്രീവാസ്‌തവ സൂചിപ്പിച്ചു.

2018ൽ മീന ഫയൽ ചെയ്ത ഇമ്മുവബിൾ പ്രോപ്പർട്ടി റിട്ടേൺ (IPR) പ്രസ്‍താവന പ്രകാരം, സവായ് മധുപുർ എന്ന അദ്ദേഹത്തിന്റെ നാട്ടിൽ മുപ്പത്തിരണ്ട് ബിഖ (3025 യാര്‍ഡ്‌ ആണ് ഒരു ബിഖ) സ്ഥലവും ഒരു വീടുമുണ്ടെന്നു കാണിക്കുന്നു. പിന്തുടർച്ചാവകാശപ്രകാരം കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ പൊതുമുതലായിട്ടാണ് ഈ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്. ഐപിആര്‍ പ്രസ്താവന പ്രകാരം ജയ്‌പൂരിൽ ഉണ്ടെന്നു പറയപ്പെടുന്ന രണ്ടു പ്ലോട്ടുകളും അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽനിന്നും ലഭിച്ച വിവരങ്ങളെക്കാൾ വളരെ കുറവാണ് .

അദ്ദേഹത്തിന്റെ അറസ്റ്റിനു ശേഷം ഇരുപത്തിനാലു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ജയ്‌പൂരിലെ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തുകയുണ്ടായി.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook