ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാനെതിരായ പശുക്കടത്ത് കേസ് തള്ളി രാജസ്ഥാന്‍ ഹൈക്കോടതി. പശുക്കടത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് തള്ളിയത്. പെഹ്ലു ഖാനും മക്കള്‍ക്കും വാഹനത്തിന്റെ ഡ്രൈവര്‍ക്കുമെതിരെയായിരുന്നു കേസ്. പശുക്കളെ കശാപ്പു ചെയ്യാനായി കടത്തുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം പെഹ്ലു ഖാനേയും മക്കളേയും ആക്രമിച്ചത്.

പശുക്കളെ കൊല്ലാനായി കൊണ്ടു പോവുകയായിരുന്നുവെന്നതിന് തെളിവില്ലെന്ന് ജസ്റ്റിസ് പങ്കജ് ഭന്ദാരി പറഞ്ഞു. 2017 ലാണ് ഏപ്രിലിലാണ് ആല്‍വാറില്‍ വച്ച് പെഹ്‌ലു ഖാനെതിരെ ആക്രമണമുണ്ടാകുന്നത്. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. ഗോരക്ഷകരായിരുന്നു ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ആക്രമണത്തിന് ഇരയായ പെഹ്‌ലു ഖാനും മക്കള്‍ക്കുമെതിരായ കേസ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോത്ത് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കേസെടുത്തത് ബിജെപി സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മതിയായ അനുമതിയില്ലാതെ പശുക്കളെ കടത്തിയെന്നായിരുന്നു കേസ്. എന്നാല്‍ തങ്ങളുടെ പക്കല്‍ മതിയായ രേഖകളുണ്ടെന്ന് പെഹ് ലു ഖാന്‍ മക്കള്‍ അവകാശപ്പെട്ടു. ആക്രമണത്തിന് ഇരയായ തങ്ങളെ കേസില്‍ കുടുക്കി പൊലീസ് പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook