ജയ്‌പൂര്‍: ലൈംഗിക രംഗങ്ങള്‍ ഇല്ലാത്ത കോണ്ടം പരസ്യങ്ങള്‍ രാവിലെ 6 മണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്തും സംപ്രേക്ഷണം ചെയ്യാമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വിശദീകരണം. പരസ്യങ്ങളുടെ നിയന്ത്രണത്തില്‍ നിലപാട് ആരാഞ്ഞ് രാജസ്ഥാന്‍ ഹൈക്കോടതി നല്‍കിയ നോട്ടീസിന് പിന്നാലെയാണ് മന്ത്രാലയം നയം വ്യക്തമാക്കുന്നത്.
ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, ജസ്റ്റിസ് ചന്ദ്ര സോമാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ചയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ഒരു എന്‍ജിഒ സമര്‍പ്പിച്ച പരാതിയിന്മേല്‍ എട്ട് ആഴ്ചക്കുള്ളില്‍ മറുപടി നൽകണം എന്നായിരുന്നു ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
“വിപണി ലക്ഷ്യം വച്ച്കൊണ്ട് കോണ്ടം ബ്രാന്‍ഡുകള്‍ ഇറക്കുന്ന ലൈംഗിക ദൃശ്യങ്ങളോട് കൂടിയ പരസ്യങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം. പൗരനെ സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് ബോധവത്കരിക്കുന്നതും സ്ത്രീകളെ ലൈംഗിക വസ്തുവായി ചിത്രീകരിക്കുകയും ചെയ്യാത്തതായ പരസ്യങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണം ഇല്ല” എന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 11നാണ് കോണ്ടം പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവരുന്നത്.
ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന എന്‍ജിഒ ആണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്. കോണ്ടം പരസ്യങ്ങള്‍ 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ മറികടക്കുന്നില്ല എന്ന് പറയുന്ന ഹര്‍ജിയില്‍, ഇത്തരം പരസ്യങ്ങളില്‍ ‘കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ അല്ലെങ്കിൽ അവരിൽ അനാരോഗ്യകരമായ പ്രവൃത്തികളിലെ താത്പര്യങ്ങൾ സൃഷ്ടിക്കുന്നതോ, അവരെ ഭിക്ഷാടനമായോ അല്ലെങ്കിൽ അന്തസ്സുകെട്ടതോ അസഭ്യമായി കാണിക്കുന്നതായോ ‘ ഒന്നും തന്നെയും ഇല്ല എന്ന് സമര്‍ത്ഥിക്കുന്നു. കോണ്ടം പരസ്യങ്ങളെ അന്തസില്ലായ്മയായോ അസഭ്യമായോ വിലയിരുത്താനാകില്ല എന്ന് പറയുന്നതാണ് ഹര്‍ജി.