‘കണ്ണുകൾ അടക്കാൻ കഴിയുന്നില്ല, കണ്ണടച്ചാൽ അദ്ദേഹത്തെ കൊല്ലുന്ന രംഗങ്ങളാണ് മനസിൽ…എനിക്കു മാത്രമല്ല, എന്റെ മക്കൾക്കും ഉറങ്ങാൻ കഴിയില്ല. ഇളയമകൾ എന്നും ഉറക്കത്തിൽ ഞെട്ടിയെണീക്കുകയാണ്…ഇത്തരത്തിൽ ഒരു മൃഗത്തെ പോലും ആരും കൊന്നു കാണില്ല’ മതഭ്രാന്ത് മനുഷ്യത്വത്തെ മറച്ച രാജസ്ഥാൻ കൊലപാതകത്തിന്റെ ഇര മുഹമ്മദ് അഫ്രാസുലിന്റെ ഭാര്യയുടെ വാക്കുകളാണിത്. ഗുൽഭഹർ ബീബിയും അവരുടെ മൂന്ന് പെൺമക്കളായ ജോഷ്നാരെയും(25 വയസ്), റെജീനയും(21), ഹബീബയും(17) ഒരാഴ്ചയായിട്ട് ഉറങ്ങിയിട്ടില്ല. സ്വന്തം ഉപ്പ അതിക്രൂരമായി കൊല്പപ്പെടുന്നതിന്റെ വീഡിയോ കാണേണ്ടി വന്ന ഈ മക്കൾക്ക് എങ്ങനെ ഉറങ്ങാനാകും?

നാല് ദിവസം കഴിഞ്ഞിരിക്കുന്നു പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരനായ മുഹമ്മദ് അഫ്രാസ്സുൽ (47) രാജസ്ഥാനിൽ വെച്ച് ഷംഭുലാൽ റെഗാർ എന്ന 36കാരനാൽ കൊല്ലപ്പെട്ടിട്ട്. അഫ്രാസുലിനെ മഴു കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.അഫ്രാസുൽ തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ ലോകം കണ്ടു.

ആ വീഡിയോ കണ്ട ശേഷംകൊൽക്കത്തയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മാൾഡയിലെ സായിദ്പൂർ ഗ്രാമത്തിലെ പലരും ഉറങ്ങിയിട്ടില്ല. ആ ഗ്രാമത്തിൽ നിന്നായിരുന്നു ഒരു തൊഴിൽ തേടി അഫ്രസുൽ ഉദയ്പൂരിലെത്തുന്നത്. ഈ ഗ്രാമത്തിൽ നിന്ന് രാജസ്ഥാനിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന എല്ല കുടിയേറ്റ തൊഴിലാളികളേയും തിരിച്ചു വിളിച്ചിരിക്കുകയാണ് ഇവർ. അവരെല്ലാം മടങ്ങി തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുക തന്നെയാണ്. ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകുമെന്ന ആശങ്കയോടെ തന്നെ.

‘എന്റെ സഹോദരന്റെ മൃതദേഹം ഞാനാണ് തിരികെ കൊണ്ടുവന്നത്. ഞങ്ങൾ വർഷങ്ങളായി രാജസ്ഥാനിൽ തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. ഇത്തരമൊരു ക്രൂരത നേരിടേണ്ടിവരുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. ‘ലൗ ജിഹാദ്’ എന്താണ് എന്ന് പോലും ഞങ്ങൾക്ക് അറിയില്ല. എന്റെ സഹോദരൻ വിവാഹിതനാണ്. മൂന്ന് പെൺമക്കളുമുണ്ട്’ അഫ്രസലിന്റെ സഹോദരൻ മുഹമ്മദ് റൂംഖാൻ പറയുന്നു.

അഫ്രാസുലിന്റെ ഖബറിടത്തിന് സമീപം സഹോദരൻ റൂം ഖാൻ

‘ലൗവ് ജിഹാദ്’ ആരോപിച്ച് അഫ്രാസുലിനെ ക്രൂരമായി കൊലപ്പെടുത്തിയത് തന്നെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന വാദം നിഷേധിച്ച് പെണ്‍കുട്ടി രംഗത്തെത്തിയിരുന്നു. തനിക്ക് കൊലപാതകിയുമായി ഒരു ബന്ധവുമില്ലെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദു സഹോദരിയെ ലൗവ് ജിഹാദില്‍ നിന്നും രക്ഷിക്കാനാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതിയുടെ വാദം.

‘ക്രൂരമായ കൊലപാതകത്തിനുശേഷം ഗ്രാമീണരെല്ലാം ഭയപ്പാടിലാണ്. എല്ലാവരും തിരിച്ചു വരുന്നു. ഞാൻ വീഡിയോ കണ്ടു. എന്റെ മകനോടും അവരത് ചെയ്തേക്കാം. എന്റെ മകൻ മരിക്കാൻ ഞാൻ അനുവദിക്കുന്നില്ല. ഞാൻ അവനെ വിളിച്ചു, ജോലി ഉപേക്ഷിച്ച് തിരികെ വരണമെന്ന് പറഞ്ഞു’ ജോധ്പൂരിൽ കൂലിപ്പണി ചെയ്യുന്ന സാമുൽ ശൈഖ് എന്നയാളുടെ പിതാവ് രാജു ശൈഖ് പറയുന്നു.

കൊലപാതകം നടന്ന പ്രദേശത്തുള്ള 200ഓളം പശ്ചിമ ബംഗാളി തൊഴിലാളികളും സമാനമായ അവസ്ഥയിലാണ്. ‘പണം സമ്പാദിക്കാനായാണ് ഞങ്ങൾ ഇവിടെ വന്നത്. ഇപ്പോൾ നമ്മളിൽ ഒരാൾ കൊല്ലപ്പെട്ടു, അതേ വിധിയെ നേരിടേണ്ട് വരുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു’ മുഹമ്മദ് റിൻറു ശൈഖ് ആശങ്കപ്പെടുന്നു.

അഫ്രസുലിന്റെ ഗ്രാമത്തിൽ 1,200 ഓളം കുടുംബങ്ങളിൽ നിന്നുള്ള 2,000ത്തിലധികം ആളുകൾ സംസ്ഥാനത്തിനു പുറത്ത് തൊഴിലാളികളായി പ്രവർത്തിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും മുസ്ലിംങ്ങളാണ്. പ്രതിമാസം 7,000 മുതൽ 10,000 രപ വരെയാണ് ഇവർ സമ്പാദിക്കുന്നത്. “ഞങ്ങളുടെ കയ്യിൽ അൽപം ഭൂമി മാത്രമാണ് കൈവശമുള്ളത്. മിക്കവരും ഇൻന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളായി പ്രവർത്തിക്കുന്നു. മാന്പഴം സീസണിൽ ഒഴികെയുള്ള സമയങ്ങളിൽ എല്ലാവരും പുറത്തായിരിക്കും. ഇപ്പോൾ, ഭീതി ഉണ്ടായിരിക്കുന്നു, എല്ലാവരും വീട്ടിലേക്ക് തിരിച്ചു വരുന്നു. അത്തരം ആക്രമണങ്ങൾ ഞങ്ങൾ ഭയപ്പെടുന്നു’ ഗ്രാമവാസിയായ സാമുൽ ചൗധരി പറയുന്നു.

അഫ്രാസുലിന്റെ സമീപ ഗ്രാമങ്ങളിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവരെയും ഭയം ബാധിച്ചിരിക്കുകയാണ്. നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് മാൾഡ ജില്ലയിലേക്ക് മടങ്ങിയെത്തുന്നത്. എല്ലാവരും ആ വീഡിയോ കണ്ടിരിക്കുന്നു. ഇനിയും പുറത്ത് ജീവിക്കാൻ അവർക്ക് പേടിയാണ്.

“എന്റെ ഉപ്പ മാത്രമാണ് ഞങ്ങളുടെ വീട്ടിലെ വരുമാനമുള്ളയാൾ. ഞങ്ങളുടെ കുടുംബം തീർന്നു. എന്റെ ഉപ്പാനെ കൊന്നയാളെ ശിക്ഷിക്കണം. അയാളെ തൂക്കിക്കൊല്ലണം. കഴിഞ്ഞ 12 വർഷമായി എൻറെ പിതാവ് അവിടെ ജോലി ചെയ്യുന്നു. ഞങ്ങൾക്ക് നീതി കിട്ടണം’ അഫ്രാസ്സുലിൻറെ മകൾ റെജിന കരഞ്ഞു കൊണ്ട് പറയുന്നു.

‘ഉപ്പ എന്തു തെറ്റാണ് ചെയ്തത്? ഞങ്ങളെ പോറ്റിയത് അദ്ദേഹമാണ്. ഉപ്പ എന്തിനാണ് കൊല്ലപ്പെട്ടത്? ഒരു മുസ്ലീമായതു കൊണ്ട് മാത്രമല്ലേ?’ റെജിന ചോദിക്കുന്നത് നമ്മോട് കൂടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ