ജയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം മധ്യവയസ്കനെ വെട്ടിയും തീകൊളുത്തിയും കൊന്ന പ്രതിക്ക് വേണ്ടി പിരിച്ച പണം ബാങ്ക് അക്കൗണ്ട് രാജ്സമന്ത് പൊലീസ് മരവിപ്പിച്ചു. ശംഭുലാല്‍ റേഗറിന്റെ ഭാര്യയുടെ പേരിലുളള അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് സംഭാവനായായി നിക്ഷേപിച്ചിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 516 പേരാണ് സംഭാവന ചെയ്തിട്ടുളളതെന്ന് പൊലീസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

പ്രതിയുടെ ഭാര്യ സീതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ നോട്ടീസ് പ്രചരിപ്പിച്ച രണ്ട് ബിസിനസുകാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശംഭുലാലിന്റെ കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച നോട്ടീസ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി.
അപ്പോഴേക്കും മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചത്. പണം നിക്ഷേപിച്ചവരെ കുറിച്ചും ഇവര്‍ക്ക് പ്രതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച കൊലപാതകത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയ ശേഷം പ്രതി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജ്‌സമന്ത് ജില്ലയിലെ റോഡരികിൽ നിന്നാണ് പാതി കത്തിയ രീതിയില്‍ അഫ്രാസുല്ലിന്റെ മൃതദേഹം കണ്ടെത്തിയത്. വെട്ടേറ്റ് വീണ ശേഷം എന്തിനാണ് താൻ കൊല നടത്തിയതെന്ന് ശംഭു ക്യാമറയിൽ നോക്കി വിശദീകരിക്കുന്നുണ്ട്. ഈ സമയത്താണ് ലൗ ജിഹാദ് എന്ന ആരോപണം ഉയർത്തുന്നത്. ഹിന്ദു സ്ത്രീയെ ലൗ ജിഹാദിൽ നിന്ന് രക്ഷിക്കാനാണ് താൻ ഈ കൊലപാതകം നടത്തുന്നതെന്നാണ് ശംഭു ലാൽ വിഡിയോയിൽ പറയുന്നത്.

വെസ്റ്റ് ബംഗാളിലെ മാൾഡ സ്വദേശിയാണ് കൊല്ലപ്പെട്ട അഫ്രാസുൽ (48). ഐപിസി സെക്ഷൻ 302, 201 വകുപ്പുകൾ പ്രകാരമാണ് ശംഭുലാലിനെതിരെ കേസെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ