നിന്ദർ: ഭൂമി ഏറ്റെടുക്കലിനെതിരെ രാജസ്ഥാനിലെ നിന്ദറിൽ കർഷകർ നടത്തിവന്ന ശവക്കുഴി സമരവും വിജയിച്ചു. ഈ പ്രദേശത്തിന്റെ റീസർവേ നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചതോടെയാണിത്. രാജസ്ഥാന്‍ നഗര വികസന മന്ത്രി ശ്രീചന്ദ് കൃപ്‌ലാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.

2010 മുതല്‍ അസ്വസ്ഥതകള്‍ക്ക് നടുവിലായിരുന്നു നിന്ദര്‍ ഗ്രാമം. ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിയുമായി നിന്ദർ ഗ്രാമത്തിലെ കാർഷിക ഭൂമിയിലേക്ക് എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വാഗ്‌ദാനങ്ങൾ ഫലിക്കാതെ വന്നപ്പോൾ നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്റെ ശ്രമം. എന്നാൽ ഇതും ഫലം കണ്ടില്ല.

നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, റീസർവേ, ഭൂമിക്ക് അർഹമായ നഷ്ടപരിഹാരം എന്നിവയായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. പ്രതിഷേധം കണക്കിലെടുക്കാതെ വികസന അതോറിറ്റി നിർമ്മാണ പ്രവർത്തനം തുടങ്ങിയതോടെയാണ് കർഷകർ ശവക്കുഴികളിൽ ഇറങ്ങിയത്. രാവും പകലും ഈ കുഴികളിൽ കർഷകർ കഴിഞ്ഞു. ദീപാവലി അടക്കമുള്ള ആഘോഷങ്ങളും കർഷകർ ഈ കുഴികളിലാണ് നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook