ജയ്പൂര്‍: തൊഴിൽ-വിദ്യാഭ്യാസ മേഖലയിൽ സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിൽ ഗുജ്ജാർ സമുദായം നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. ധോല്‍പൂരില്‍ നടന്ന പ്രക്ഷോഭത്തില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തു. മൂന്ന് പൊലീസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. ആഗ്ര-മൊറേന ദേശീയപാത തടസ്സപ്പെടുത്തി പ്രതിഷേധം നടക്കുന്നതിനിടെ പത്ത് തവണയോളം വെടിവെപ്പ് ഉണ്ടായി.

രണ്ട് പൊലീസ് ജീപ്പും ഒരു പൊലീസ് ബസുമാണ് കത്തിച്ചത്. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ പൊലീസിന് പരുക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. തൊഴിൽ-വിദ്യാഭ്യാസ രംഗങ്ങളിൽ ഗു‍ജ്ജാറുകൾക്ക് 5 ശതമാനം സംവരണം നൽകണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാനിൽ പ്രക്ഷോഭം നടക്കുന്നത്. സംവരണാവശ്യം ഉന്നയിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജ്ജാർ തലവൻ കിരോരി സിംഗ് ബെെൻസ്‍ല, അണികൾക്കൊപ്പം റെയിൽ ഉപരോധിച്ച് കുത്തിയിരിപ്പ് സമരം നടത്തി വരികയാണ്. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ തങ്ങളുടെ സംവരണ ആവശ്യം അംഗീകരിക്കുകയും, എന്നാലിപ്പോൾ ഇത് നടപ്പിലാക്കുന്നതിൽ വെെമുഖ്യം കാണിക്കുന്നതായും സിംഗ് പറഞ്ഞു.

ഗുജ്ജാർ പ്രക്ഷോഭത്തിന്റെ ഭാഗമായി ജയ്പൂർ-ഡൽഹി, ജോധ്പൂർ-ഭിൽവാര, അജമീർ-ഭിൽവാര ദേശീയ പാതകൾ ഉപരോധിച്ചിരിക്കുകയാണ്. രണ്ടാം ദിവസം മുതൽ റെയിൽ ഗതാഗതവും തടയാൻ തുടങ്ങിയതിന്റെ ഫലമായി, 23 ട്രെയ്നുകൾ റദ്ദാക്കുകയും, 20 ഓളം ട്രെയ്നുകൾ റൂട്ട് മാറ്റി ഓടുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook