ജയ്പൂര്‍: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ നല്‍കിയ പുതിയ നിര്‍ദ്ദേശം കേട്ടാല്‍ ഞെട്ടും. ജയ്പൂരില്‍ നടക്കുന്ന മേളയിലേക്ക് ‘ലവ് ജിഹാദി’നെക്കുറിച്ച് പഠിക്കാനും, ക്രിസ്തീയ ഗൂഢാലോചനകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വാങ്ങാനും, സസ്യാഹാരം മാത്രം കഴിക്കാമെന്ന് പ്രതിജ്ഞയെടുക്കാനും, പശുവിനെ ഗോമാതാവായി പ്രഖ്യാപിക്കുന്നതിനു വേണ്ടി ഒപ്പു ശേഖരണം നടത്താനും ഇനി ഇതൊന്നുമല്ലെങ്കില്‍ ഏതെങ്കിലും ഒരു ജാതി സംഘടനയില്‍ പേര് റജിസ്റ്റര്‍ ചെയ്യാനുമാണ് പറഞ്ഞയക്കുന്നത്.

മേളയുടെ നടത്തിപ്പുകാരുമായി സഹകരിക്കാനും വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള നിര്‍ദ്ദേശം തങ്ങള്‍ക്ക് ലഭിച്ചതായി ജയ്പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് എജുക്കേഷന്‍ ഓഫീസര്‍ ദീപക് ശുക്ല പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവ്‌നായിനയുടേതാണ് നിര്‍ദ്ദേശം.

ഹിന്ദു സ്പിരിച്വല്‍ ആന്‍ഡ് സര്‍വീസ് ഫെയറിന്റെ സംഘാടകര്‍ സ്വകാര്യ സ്‌കൂളുകളേയും സര്‍ക്കാര്‍ സ്‌കൂളുകളേയും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തരവ് ലഭിച്ചാലേ തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്നും ദീപക് ശുക്ല പറഞ്ഞു.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേള അവസാനിക്കുന്നത് ഈ മാസം 20നാണ്. മൂന്നാമത്തെ തവണയാണ് ജയ്പൂരില്‍ ഇത്തരത്തില്‍ ഒരു മേള നടക്കുന്നത്. മേളയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ‘ലവ് ജിഹാദി’നെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ