ജയ്പൂർ: ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാനെ കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ആൽവാർ കോടതിയുടെ വിധിക്കെതിരെ രാജസ്ഥാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

പെഹ്ലു ഖാൻ കേസിലെ വിധിക്കെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ അപ്പീൽ തിങ്കളാഴ്ച സമർപ്പിച്ചതായി അഡീഷണൽ അഡ്വക്കറ്റ് ജനറൽ മേജർ ആർപി സിങ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് സമർപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ഹെെക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ വിവിധ തലത്തിലുള്ള അന്വേഷണങ്ങളിൽ അപൂർണതയുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പെഹ്‌ലു ഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ശരിയിായ രീതിയിൽ തെളിവായി ഹാജരാക്കിയില്ലെന്നും കാര്യങ്ങൾ വേണ്ടരീതിയിൽ രേഖപ്പെടുത്തുകയോ നിയമനടപടിക്രമങ്ങൾ ശരിയായി പാലിക്കുകയോ ചെയ്തിട്ടില്ലെന്നും അപ്പീലിൽ പറയുന്നു. കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് കേസിലെ അന്വേഷണം നടത്തിയത്.

Read More: ആള്‍ക്കൂട്ട കൊല: പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ ആറ് പ്രതികളേയും വെറുതെ വിട്ടു

2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജയ്പൂരില്‍ നടന്ന കന്നുകാലി മേളയില്‍നിന്നു പെഹ്ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി ഹരിയാനയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആള്‍വാറിലെ ഹൈവേയില്‍ വച്ചായിരുന്നു പെഹ്ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ആശുപത്രിയിലാണ് പെഹ്ലു ഖാന്‍ മരിച്ചത്. പെഹ്‌ലു ഖാനെ അടിച്ചവശനാക്കുന്ന ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നു.

വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കുല്‍റാം, ദയാറാം, യോഗേഷ് കുമാര്‍, ഭീം റാഠി എന്നിവരായിരുന്നു കേസിലെ പ്രതികളായിരുന്നത്. കേസില്‍ 44 സാക്ഷികളാണുണ്ടായിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഓഗസ്റ്റിലാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും ഒരുതലത്തിലുള്ള കൊലപാതകങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook