ജയ്‌പൂർ: തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിൽ ഛില്ലോർഗഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് രാഹുലിന്റെ പ്രഖ്യാപനം. 2018 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൊഴിലില്ലായ്മ, കർഷക ദുരിതം, അഴിമതി എന്നിവയെക്കുറിച്ച് മോദി സംസാരിക്കാത്തത് അതിശയമുണർത്തുന്നുവെന്നും രാഹുൽ പറഞ്ഞു.

അവശ്യ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടിയില്ലെങ്കിൽ രാജ്യത്ത് കർഷകർക്ക് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ രാഹുൽ, 15 പേരുടെ 3.5 ലക്ഷം കോടിയുടെ കടങ്ങൾ മോദി എഴുതി തളളിയെന്നും പറഞ്ഞു. രാജ്യത്തെ കർഷകരെ ആരും അപമാനിക്കരുത്. കർഷക പ്രതിസന്ധി യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

”റാഫേൽ അഴിമതിയിലൂടെ വ്യോമസേനയിൽനിന്നും 30,000 കോടി കൊളളയടിച്ച് അനിൽ അംബാനിയുടെ പോക്കറ്റിലേക്ക് ഇട്ടു കൊടുത്തു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയെ ഫ്രഞ്ച് പ്രസിഡന്റ് കളളനെന്ന് വിളിച്ചു,” രാഹുൽ പറഞ്ഞു. ഒരു കോൺഗ്രസ് മുഖ്യമന്ത്രി അയാളുടെ ‘മൻ കി ബാത്’ അല്ല, മറിച്ച് ജനങ്ങളുടെ ‘മൻ കി ബാത്’ കേൾക്കുകയാണ് ചെയ്യാറുള്ളതെന്നും കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽ പറഞ്ഞു.

യുവാക്കൾക്ക് തൊഴിൽ ലഭ്യതയും കർഷകരുടെ ഭാവിയുമാണ് രാജ്യത്ത് മുന്നിലുളള രണ്ടു പ്രധാന വെല്ലുവിളിയെന്ന് ഭിൽവാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു. രാജസ്ഥാനിൽ ഏതാനും ദിവസം മുൻപ് 4 യുവാക്കൾ ആത്മഹത്യ ചെയ്ത സംഭവം മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും പ്രധാനമന്ത്രി മോദിക്കുമുളള സന്ദേശമാണ്, കഴിഞ്ഞ 5 വർഷത്തിനിടയിൽ കർഷകരുടെയും യുവാക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ അവർക്കാർക്കും കഴിഞ്ഞില്ലെന്നത്. തൊഴിലവസരങ്ങൾ നൽകിയിരുന്ന ചെറിയ ബിസിനസ്സുകളെല്ലാം മോദി അടച്ചുപൂട്ടിയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.

നോട്ടു നിരോധനവും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ തകർക്കുകയും സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയും ചെയ്തു. വലിയ കമ്പനികൾക്കാണ് ഇത് വാതിൽ തുറന്നുകൊടുത്തത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബർ 11 നാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ