ജയ്പൂര്: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ ജല്‍റാപതന്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കും. കഴിഞ്ഞമാസമാണ് മാനവേന്ദ്രസിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് തങ്ങളുടെ 32 സ്ഥാനാര്‍ത്ഥികളടങ്ങുന്ന രണ്ടാം പട്ടിക പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്, 11ന് ഫല പ്രഖ്യാപനം നടക്കും.

വസുന്ധര രാജെ തുടര്‍ച്ചയായി മൂന്നുതവണ വിജയം നേടിയ മണ്ഡലമാണ് ജല്‍റാപതന്‍. ഇവിടെ നിന്നാണ് രാജെയ്‌ക്കെതിരെ മാനവേന്ദ്ര സിങ് മത്സരിക്കുന്നത്. വസുന്ധര രാജെ ഇന്നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തങ്ങളുടെ എട്ട് സ്ഥാനാര്‍ത്തികളടങ്ങുന്ന മൂന്നാം പട്ടിക ബിജെപിയും ഇന്ന് പുറത്തുവിട്ടു.

2013ല്‍ ബര്‍മറിലെ ഷിയോ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച മാനവേന്ദ്ര സിങ് പിന്നീട് സെപ്തംബറില്‍ നടത്തിയ റാലിയില്‍ താന്‍ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചു. ബിജെപി എന്നത് തനിക്ക് പറ്റിയ ഒരു വലിയ തെറ്റായിരുന്നുവെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.

മാനവേന്ദ്ര സിങിന്റെ അംഗത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ തലവന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. ബിജെപിയില്‍ നിന്നും പുറത്തുപോകുന്ന നേതാക്കളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അതിന്റെ കാരണം എന്തെന്ന് പാര്‍ട്ടി സ്വയം വിലയിരുത്തുന്നത് നന്നായിരിക്കുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

രജ്പുത് നേതാവ് ജസ്വന്ത് സിങിന് അപമാനിച്ചതിന് രാജസ്ഥാനിലെ ജനങ്ങള്‍ ഒരിക്കലും ബിജെപിയോട് പൊറുക്കില്ലെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു ശേഷം മാനവേന്ദ്ര സിങ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook