ജയ്‌പൂര്‍: മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ടോങ്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നും സച്ചിന്‍ പൈലറ്റിനെതിരെ മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി യൂനസ് ഖാന്‍. ഗതാഗത മന്ത്രിയും മുഖ്യമന്ത്രി വസുന്ധര രാജെയുടെ വിശ്വസ്തനുമായ യൂനസ് ഖാന്‍ നാഗൗര്‍ ജില്ലയിലെ ദീദ്വാന മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ്. അജിത് സിങ് മേഹ്തയ്ക്കു പകരമായാണ് ഖാന്‍ മത്സരിക്കുന്നത്.

നാമനിർദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഇന്ന് ഇരു സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിക്കും. 2013ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ രണ്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് യൂനസ് ഖാന്‍.

വരുന്ന തിരഞ്ഞെടുപ്പിലേക്കുള്ള അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി ഇന്നാണ് പ്രഖ്യാപിച്ചത്. ആറ് പേരടങ്ങുന്ന പട്ടികയായിരുന്നു ഇത്. ടോങ്ക്, ഖേര്‍വാരാ ജില്ലകളില്‍ നിന്നും മത്സരിച്ചുകൊണ്ടിരുന്ന സ്ഥാനാര്‍ത്ഥികളായ മേഹ്ത, ശങ്കര്‍ലാല്‍ ഖരാഡി എന്നിവര്‍ ഇക്കുറി മത്സരിക്കുന്നില്ല. പകരം ഖേര്‍വാരയില്‍ നിന്നും നാനാവാല ആഹ്രി മത്സരിക്കും.

ഇതിനു പുറമേ കോട്പുത്തലിയില്‍ നിന്നു മുകേഷ് ഗോയല്‍, ബെറോറില്‍ നിന്നും മോഹിത് യാദവ്, കരൗലിയില്‍ നന്നും ഒ.പി.സൈനി, കേക്രിയില്‍ നിന്നും രാജേന്ദ്ര വിനായക, ഖിന്‍വ്‌സാറില്‍ നിന്നും രാമചന്ദ്ര ഉട്ട എന്നിവര്‍ മത്സരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook