ജയ്പുര്‍: രാജസ്ഥാനില്‍ 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. 23 പേര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. രാജസ്ഥാനില ബികാനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ബികാനേറിലെ റിട്മല്‍സര്‍ പുരോഹിതാനില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതിയെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട്ചെയ്യുന്നു.

ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ രണ്ടു പേര്‍ ചേര്‍ന്ന് കാറിലേയ്ക്ക് വലിച്ചിട്ടാണ് തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് മണിക്കൂറുകളോളം കാറില്‍വെച്ചു തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പറയുന്നു. രണ്ടു പേരുടെ അതിക്രമത്തിനു ശേഷം ആറു പേരെ കൂടി ഇവര്‍ വിളിച്ചു വരുത്തി. പിന്നാലെ പലാന ഗ്രാമത്തിലെ പവര്‍ സ്‌റ്റേഷനില്‍ കൊണ്ടു പോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 26 ന് പുലര്‍ച്ചെ നാലിന് യുവതിയെ തട്ടിക്കൊണ്ടു പോയവര്‍ തന്നെ തിരികെ ഇറക്കിവിടുകയും ചെയ്തു. പേരു വ്യക്തമാക്കിയ രണ്ടുപേര്‍ക്കും, അഞ്ജാതരായ 21 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കുടുതല്‍ പേരെ വിളിച്ചു വരുത്താന്‍ ഡയല്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ