ന്യൂഡല്‍ഹി: എ ഐ സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വത്തിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മൂന്നു സഹായികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി കോണ്‍ഗ്രസ്. രാജസ്ഥാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാള്‍, പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്കാണു നോട്ടീസ് അയച്ചത്.
ജയ്പൂരില്‍ ഞായറാഴ്ച നടന്ന സമാന്തര കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം കടുത്ത അച്ചടക്കരാഹിത്യമാണെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം.
ഞായറാഴ്ച നടന്ന സംഭവവികാസങ്ങളെക്കുറിച്ച് എ ഐ സി സിയുടെ ചുമതലയുള്ള അജയ് മാക്കനാണു പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ചവര്‍ ഗെലോട്ടിന്റെ അടുത്ത സഹായികളാണെന്നു വ്യക്തമാക്കി മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.
യോഗം ബഹിഷ്‌കരിച്ചവരെല്ലാം മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായികളാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റം ചുമത്തുകയോ ക്ലീന്‍ ചിറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു മൂന്നു പേര്‍ക്കു നോട്ടിസ് നല്‍കിയത്. നിങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കമില്ലായ്മ സംഭവിച്ചുവെന്നു മാക്കന്‍ റിപ്പോര്‍ട്ട് ചെയ്തതായി നോട്ടിസില്‍ പറയുന്നു.
”പാര്‍ലമെന്ററി കാര്യ മന്ത്രി എന്ന നിലയില്‍ താങ്കള്‍ രാജസ്ഥാനിലെ എല്ലാ നിയമസഭാ യോഗങ്ങളിലും പ്രധാനപ്പെട്ടയാളാണ്. ഒരു പ്രസ്താവന ഇറക്കിയതിനുപുറമെ, ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കരുതെന്നു സമ്മര്‍ദം ചെലുത്തി താങ്കളുടെ വസതിയില്‍ സമാന്തര എം എല്‍ എമാരുടെ യോഗം സംഘടിപ്പിച്ച് കടുത്ത അച്ചടക്കലംഘനം നടത്തി. പാര്‍ലമെന്ററി കാര്യ മന്ത്രി എന്ന നിലയില്‍, അനൗദ്യോഗിക യോഗത്തിന് ആതിഥേയത്വം വഹിച്ചത് ഏതു യോഗമാണ് ഔദ്യോഗികമായി വിളിച്ചത് എന്നതില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ആശയക്കുഴപ്പത്തിലാക്കി,” ശാന്തി ധരിവാളിനു നല്‍കിയ നോട്ടിസില്‍ പറയുന്നു.
എ ഐ സി സി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും ഓരോ എം എല്‍ എയോടും വ്യക്തിപരമായി സംസാരിക്കാനും പക്ഷപാതമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന് റിപ്പോര്‍ട്ട് ചെയ്യാനുമാണ് എത്തിയതെന്നും തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണു സമാന്തര യോഗം നടന്നതെന്നും നോട്ടിസില്‍ പറയുന്നു.
”മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ അച്ചടക്കരാഹിത്യമാണ്. അതിനാല്‍, കോണ്‍ഗ്രസ് ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം നിങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ 10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഈ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കുന്നു,” അതില്‍ പറഞ്ഞു.
”ചീഫ് വിപ്പ് എന്ന നിലയില്‍ നിങ്ങള്‍ രണ്ടു കാര്യങ്ങളില്‍ കടുത്ത അച്ചടക്കരാഹിത്യമാണ് നടത്തിയത്. എ, പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും നോട്ടിസ് നല്‍കിയശേഷവും നിയമഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ബി, ഔദ്യോഗികമായി നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ ഔദ്യോഗിക യോഗം തുടങ്ങാന്‍ കാത്തിരിക്കുമ്പോള്‍ സമാന്തര യോഗത്തില്‍ പങ്കെടുത്തത്. ചീഫ് വിപ്പ് എന്ന നിലയില്‍ അനൗദ്യോഗികവും നിയമവിരുദ്ധവുമായ യോഗത്തിലെ താങ്കളുടെ സാന്നിധ്യം ഏതാണ് ഔദ്യോഗിക യോഗമെന്ന കാര്യത്തില്‍ എം എല്‍ എമാരെ ആശയക്കുഴപ്പത്തിലാക്കി,” പാര്‍ട്ടി ചീഫ് വിപ്പ് മഹേഷ് ജോഷിക്കു നല്‍കിയ നോട്ടിസില്‍ പറയുന്നു.