ജയ്പൂര്‍: രാജ്യത്തെ ഒന്നിപ്പിച്ച് കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുമ്പോള്‍ പാര്‍ട്ടി രാജസ്ഥാനില്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി അശോക് ഗെലോട്ട് പക്ഷത്തുള്ള 90 എംഎല്‍മാര്‍ കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കാതെ സ്പീക്കര്‍ ജെപി ജോഷിക്ക് രാജിക്കത്ത് നല്‍കിയതാണ് ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ കാരണം.
ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് സച്ചിന്‍ പൈലറ്റ് എത്തുമെന്ന സൂചനകള്‍ ശക്തമായതിന് പിന്നാലെയായിരുന്നു എംഎല്‍എമാരുടെ നീക്കം. ഗെലോട്ട് പക്ഷം നിലവില്‍ ആത്മവിശ്വാസത്തിലാണ്.
“ഹൈക്കാമാന്‍ഡ് ഔദ്യോഗികമായോ അല്ലാതെയോ വ്യക്തത ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ അത് നല്‍കും. പാര്‍ട്ടിക്കെതിരായി ഒന്നും ചെയ്തതായി തോന്നുന്നില്ല. ഞങ്ങള്‍ക്ക് പാര്‍ട്ടിയോടും ഹൈക്കമാന്‍ഡിനോടുമുള്ള പ്രതിബദ്ധതയെ സംശയിക്കേണ്ട തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉണ്ടായിട്ടില്ല,” കോണ്‍ഗ്രസ് ചീഫ് വിപ്പും മന്ത്രിയുമായ മഹേഷ് ജോഷി വ്യക്തമാക്കി.
2020-ല്‍ പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയവരാരും മുഖ്യമന്ത്രി പദത്തിലെത്തെരുതെന്ന് എംഎല്‍എമാര്‍ അജയ് മാക്കനോടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും പറഞ്ഞതായും മഹേഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി പദം ലഭിക്കുമെന്ന വിശ്വാസത്തിലാണ് എംഎല്‍എമാര്‍. അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാകുമോ എന്ന ഭയത്താലാണ് എംഎല്‍എമാര്‍ തുറന്ന പ്രതികരണത്തിന് പോലും തയാറാകാതെ നില്‍ക്കുന്നത്.
90 എംഎല്‍എമാര്‍ രാജി നല്‍കിയന്ന കാര്യത്തില്‍ സച്ചിന്‍ പൈലറ്റ് ക്യാമ്പിന് സംശയമുണ്ട്.
“ഒരു ബസില്‍ എത്ര എംഎല്‍എമാര്‍ ഉള്‍ക്കൊള്ളും. രാജി നല്‍കാനായി എംഎല്‍എമാര്‍ പോയത് ഒരു ബസിലാണ്. ചിലര്‍ സ്വന്തം വാഹനത്തിലും പോയി. ആരൊക്കെ രാജി നല്‍കി എന്നത് സംബന്ധിച്ച് പട്ടികയൊന്നും ആരു പുറത്ത് വിട്ടിട്ടില്ല. ഗെലോട്ട് ക്യാമ്പില്‍ 92 എംഎല്‍എമാരുണ്ടെന്നത് വെറും വാക്കാണ്. ഏകദേശം മുപ്പത്തിയഞ്ചോളം എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ഉണ്ടായിരുന്നു. ധരിവാളിന്റെ വസതിയിലെത്തിയ എംഎല്‍എമാര്‍ രാജിവച്ചിട്ടുമില്ല,” പൈലറ്റ് പക്ഷത്തുള്ള വ്യത്തങ്ങള്‍ പറഞ്ഞു.
എംഎല്‍എമാരുടെ രാജി ദേഷ്യത്തിന്റേയും അമര്‍ഷത്തിന്റേയും ബാക്കിയാണെന്നാണ് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാൾ പറഞ്ഞത്. “2020-ല്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്ന് കോണ്‍ഗ്രസിനെ കരകയറ്റിയ 102 എംഎല്‍എമാര്‍ക്ക് പാര്‍ട്ടിയെ വെട്ടിനിരത്താന്‍ ശ്രമിച്ചവരിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുമോ എന്ന ഭയമുണ്ട്,” ധരിവാള്‍ വ്യക്തമാക്കി.