ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പൊതുപ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും ന്യായാധിപരെയും ‘സംരക്ഷിക്കുന്ന’ വിവാദ ഓർഡിനൻസ് പരിശോധിക്കാമെന്ന് രാജസ്ഥാൻ സർക്കാർ. മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തിയ മുഖ്യമന്ത്രി വസുന്ധരാ രാജ ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. ഓർഡിനൻസിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളിൽ നിന്നും വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.

മന്ത്രിമാർ, എംഎൽഎമാർ, ജ‍ഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയുള്ള പരാതികളിൽ അന്വേഷണങ്ങൾക്കു മുൻകൂർ അനുമതി ആവശ്യമാണെന്നും മാധ്യമങ്ങൾ അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. ഇത്തരം ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്നു നിയമ വിദഗ്ധർ പറയുന്നു. 200 അംഗങ്ങള്ള സഭയിൽ 160 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാൽ ഓർഡിനൻസ് പാസാക്കിയെടുക്കാൻ ബിജെപി സർക്കാരിനു പ്രയാസമില്ല.

അഴിമതിയുമായി ബന്ധപ്പെട്ട പരാതി പൊലീസിനു ലഭിച്ചാലും അന്വേഷിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഓർഡിനൻസിലുള്ളത്. കോടതിയെ പരാതിക്കാരൻ സമീപിച്ചാലും കേസെടുക്കണമെങ്കിൽ സർക്കാർ അനുമതി നൽകണം. സർക്കാർ അനുമതിയില്ലാതെ അഴിമതിക്കേസിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ മാധ്യമ പ്രവർത്തകർക്കെതിരെ രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താമെന്നും ഓർഡിനൻസിലുണ്ട്.

അതേസമയം, ഗവർണറുടെ അനുമതി ലഭിച്ച ഓർഡിനൻസിന് നിയമസഭയുടെ അംഗീകാരം നേടാൻ ബിജെപി സർക്കാർ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തിനെ തുടർന്ന് നടന്നിരുന്നില്ല. ഇക്കാര്യത്തിൽ സമവായത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ