ജയ്‌പൂർ: തിരഞ്ഞെടുപ്പിന് ഒരുങ്ങിനിൽക്കുന്ന രാജസ്ഥാനിൽ ആഴ്ചകൾക്ക് മുൻപ് ബിജെപിക്ക് കനത്ത തിരിച്ചടി. പാർലമെന്റംഗവും മുൻ ഡിജിപിയുമായ ഹരീഷ് മീന രാജിവച്ച് കോൺഗ്രസിൽ ചേർന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങി നിൽക്കുന്ന മധ്യപ്രദേശിൽ ഗ്വാളിയർ നഗരസഭ മുൻ മേയർ രാജിവച്ചതിന് പിന്നാലെയാണിത്.

നിയമസഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള രണ്ടാം ദിവസത്തിലാണ് രാജസ്ഥാനിൽ ഹരീഷ് മീണയുടെ ചുവടുമാറ്റം. ശക്തമായ ഭരണ വിരുദ്ധ വികാരം അലയടിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾ ഇക്കുറി കോൺഗ്രസിനെ വിജയിപ്പിക്കുമെന്നാണ് അഭിപ്രായ സർവ്വേ ഫലം.

രാജസ്ഥാനിലെ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു ഹരീഷ് മീന. 2014 ലാണ് ഇദ്ദേഹം ബിജെപിയിൽ ചേർന്നത്. പിന്നാലെ വന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഹരീഷ് മീനയെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട് സ്വാഗതം ചെയ്തു.

ഗ്വാളിയര്‍ മുന്‍ മേയറും ബിജെപി നേതാവുമായ സമീക്ഷ ഗുപ്തയാണ് മധ്യപ്രദേശിൽ നിന്ന് ബിജെപി അംഗത്വം രാജിവച്ചത്.  നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് കാരണമെന്ന് അറിയുന്നു.  തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് എതിരെ മത്സരിക്കുമെന്നും സമീക്ഷ ഗുപ്ത പറഞ്ഞു.

രാജി പ്രഖ്യാപിച്ച ഉടൻ തന്നെ സമീക്ഷ നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.  ഗ്വാളിയറിൽ  നാരായണ്‍ സിങ് കുശ്വയാണ് ബിജെപി സ്ഥാനാർത്ഥി. മൂന്നാം തവണയാണ് കുശ്വ ഈ സീറ്റിൽ മത്സരിക്കുന്നത്. ഇതാണ് സമീക്ഷയെ ചൊടിപ്പിച്ചത്.

രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് നവംബര്‍, ഡിസംബർ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്‌ഗഡിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്നു. മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും ബിജെപിക്ക് കനത്ത ക്ഷീണം ഉണ്ടാകില്ലെന്നാണ് അഭിപ്രായ സർവ്വേ. എന്നാൽ രാജസ്ഥാനിൽ അങ്ങിനെയല്ല. രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും നയിക്കുന്ന കോൺഗ്രസ് ചേരിക്ക് പിന്തുണ ഏറെയാണ്. മിസോറാമിൽ ആർക്കും ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് പ്രവചനം. തെലങ്കാന ടിഡിപി-കോൺഗ്രസ് ചേരിക്ക് ഒപ്പം ചേരുമെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook