ജയ്‌പൂർ: ബലാൽസംഗക്കേസിൽ രാജസ്ഥാനിലെ ആൾദൈവം അറസ്റ്റിൽ. ആൾവാറിൽനിന്നുളള ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജ് (70) അണ് അറസ്റ്റിലായത്. 21 കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബാബ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. നിയമവിദ്യാർഥിനിയായ യുവതിക്ക് പഠനത്തിനുശേഷം ഇന്റേൺഷിപ് ലഭിച്ചിരുന്നു. ഇതിൽനിന്നും കുറച്ചു തുക ബാബയ്ക്ക് സമർപ്പിക്കുന്നതിനുവേണ്ടിയാണ് ആൾവാറിലെ ആശ്രമത്തിലെത്തിയത്. അന്നു ഗ്രഹണ ദിവസമായതിനാൽ ബാബ ആരെയും മുഖംകാണിക്കില്ലെന്നും അതിനാൽ ആശ്രമത്തിൽ തങ്ങാനും ആവശ്യപ്പെട്ടു. തുടർന്നു വൈകുന്നേരം മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ബാബയുടെ അനുയായികളാണ്. നിരവധി തവണ ബാബ ഇവരുടെ വീട് സന്ദർശിക്കുകയും അവിടെ തങ്ങുകയും ചെയ്തിട്ടുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിലാസ്പൂർ പൊലീസ് കേസെടുത്തു. പൊലീസ് ആൾവാറിലെ ആശ്രമത്തിൽ എത്തിയെങ്കിലും ബാബ ആശുപത്രിയിൽ ചികിസയ്ക്കെന്ന വ്യാജേന അഭയം തേടി. ആശുപത്രിയിലെത്തിയാണ് പൊലീസ് ബാബയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വർഷമായി പഴങ്ങൾ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് സ്വാമി കൗശലേന്ദ്രയ്ക്ക് ‘ഫലാഹാരി ബാബ’ എന്ന വിളിപ്പേരു സമ്മാനിച്ചത്.