ജയ്പൂര്‍: രാജസ്ഥാനില്‍ 19 പുതിയ ജില്ലകളും മൂന്ന് ഡിവിഷനുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. തലസ്ഥാനമായ ജയ്പൂരിലടക്കമാണ് പുതിയ ജില്ലകള്‍. നിയമസഭയിലാണ് ഗെലോട്ടിന്റെ പ്രഖ്യാപനുമുണ്ടായത്.
വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളാണ് പ്രഖ്യാപനത്തിന് പിന്നിലെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. പുതിയ ജില്ലകൾ രൂപികരിക്കവെ നിരവധി സുപ്രധാന കാര്യങ്ങള്‍ അവഗണിച്ചു. അതിനാൽ ജനങ്ങൾക്ക് ഭരണപരമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും വസുന്ധര കൂട്ടിച്ചേര്‍ത്തു.
ജയ്പൂര്‍ നാല് ചെറിയ ജില്ലകളായാണ് തിരിച്ചിരിക്കുന്നത്, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ദുഡു. ജയ്പൂരിന്റെ ഭാഗമായ കോട്പുത്ലി, അൽവാറിലെ ബെഹ്‌റോറുമായി ലയിപ്പിച്ച് മറ്റൊരു ജില്ലയാകും.
മുഖ്യമന്ത്രിയുടെ ജന്മനാടായ ജോധ്പൂരിനെ ജോധ്പൂർ ഈസ്റ്റ്, ജോധ്പൂർ വെസ്റ്റ്, ഫലോഡി എന്നിങ്ങനെ വിഭജിക്കും. മറ്റ് പുതിയ ജില്ലകൾ അനുപ്ഗഡ് (ഗംഗാനഗർ), ബലോത്ര (ബാമർ), ബീവാർ (അജ്മീർ), ഡീഗ് (ഭരത്പൂർ), ദീദ്വാന – കുചമാൻ (നാഗൗർ), ഗംഗാപൂർ സിറ്റി (സവായ് മധോപൂർ), കെക്രി ( അജ്മീർ), ഖൈർതാൽ (അൽവാർ), നീം കാ താന (സിക്കാർ), സലുംബർ (ഉദയ്പൂർ), സഞ്ചോർ (ജലോർ), ഷാഹ്പുര (ഭിൽവാര) എന്നിവയാണ്. മൂന്ന് പുതിയ ഡിവിഷനുകൾ ബൻസ്വര, പാലി, സിക്കാർ എന്നിവയായിരിക്കും.
ഇതൊടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 50 ആയി ഉയരും.
“ഭൂമിശാസ്ത്രപരമായി രാജസ്ഥാൻ ഏറ്റവും വലിയ സംസ്ഥാനമാണ്. പ്രധാന നഗരം നൂറ് കിലോമീറ്റർ അകലെയുള്ള നിരവധി ജില്ലകളുണ്ട്. സാധാരണക്കാരന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. മാത്രമല്ല, ചില ജില്ലകളിൽ ജനസംഖ്യ കൂടുതലായതിനാല്‍ ഭരണപരമായ ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നു,” ഗെലോട്ട് പറഞ്ഞു.