ബിക്കാനീർ: രാജസ്ഥാനിൽ കാൻസർ രോഗിയായ പന്ത്രണ്ടുകാരിയെ എട്ട് അധ്യാപകർ ചേർന്ന് ഒന്നര വർഷം പീഡിപ്പിച്ചു. ബിക്കാനീറിലെ നോഖ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

തന്നെ അദ്ധ്യാപകർ ചേർന്ന് ബലാത്സംഗം ചെയ്യുകയും വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി പൊലീസിനു മൊഴി നൽകി. ഏഴോ എട്ടോ പേരുണ്ടായിരുന്നെന്നും എന്നാൽ, എല്ലാവരുടെയും പേരുകൾ അറിയില്ലെന്നും പെൺകുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതരും പെൺകുട്ടിയുടെ പിതാവുമാണ് അധ്യാപകർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

മകൾ ഗർഭിണി ആയതിനെ തുടർന്ന് ഗർഭം അലസിപ്പിക്കുന്നതിനായി മരുന്നുകൾ നൽകിയെന്നും പിതാവ് ആരോപിച്ചു. 2015ലാണ് സംഭവം നടന്നത്. ക്ലാസ് വിട്ട് മറ്റ് കുട്ടികള്‍ വീട്ടിലേക്ക് പോകുമ്പോള്‍ പ്രത്യേക ക്ലാസ് എടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടി മാതാവിനോട് സംഭവം തുറന്നുപറഞ്ഞെങ്കിലും അധ്യാപകരുടെ ഭീഷണി കാരണം ഇവര്‍ പുറത്തുപറഞ്ഞില്ല. തുടര്‍ന്ന് ഈ അടുത്താണ് പെണ്‍കുട്ടിയുടെ പിതാവ് പീഡനവിവരം അറിയുകയും പഞ്ചായത്തിനെ സമീപിച്ച് പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ അധ്യാപകരുടെ ഭീഷണി കാരണം നടപടികളൊന്നും ഉണ്ടായില്ല. തുടർന്ന് അധ്യാപകർ തന്നെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ പോയി മകളെ കാണാൻ പോലും അനുവദിച്ചില്ല. എന്നാൽ, പിന്നീട് പരാതി നൽകാൻ താൻ തീരുമാനിക്കുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

ഒന്നര വർഷം മുന്പാണ് പെൺകുട്ടിക്ക് രക്താർബുദമെന്ന രോഗം ബാധിച്ചതായി കണ്ടെത്തിയത്. അതിന്റെ ചികിത്സ നടന്നു വരികയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം  ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ