ചെന്നൈ: പുതു വർഷത്തിൽ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു വെബ്സൈറ്റിലൂടെ തുടക്കം.  ഒരു ആപ്പ് വഴിആരാധകരോട് ഇതിൽ ചേരാനും രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാനും രജനിയുടെ അഭ്യർത്ഥനയുണ്ട്.

ആരാധകർക്ക് രജനി പുതുവൽസരം ആശംസിക്കുന്ന ഒരു മിനിറ്റ് വരുന്ന വിഡിയോയും ഇതിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പിന്തുണച്ചവരോട് നന്ദിയും വിഡിയോയിൽ അറിയിക്കുന്നുണ്ട്.

“ഞാനൊരു വെബ്പേജ് ആരംഭിച്ചിരിക്കുന്നു. റജിസ്റ്റർ ചെയ്തതും, അല്ലാത്തതുമായ ഫാൻസ്‌ അസോസിയേഷനുകളും, തമിഴ്നാട്ടിൽ മാറ്റം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും വോട്ടർ ഐഡി നമ്പറടക്കം സൈറ്റിൽ റജിസ്റ്റർ ചെയ്യണം. നമുക്ക് ഇവിടെ നല്ല മാറ്റത്തിനായി പ്രവർത്തിക്കാം. തമിഴ്നാട് വാഴട്ടെ, തമിഴ് ജനത വാഴട്ടെ” – വിഡിയോയിൽ രജനി പറഞ്ഞു.

തന്റെ ബാബ എന്ന സിനിമയിലെ പ്രശസ്തമായ ‘സത്യം, തൊഴിൽ, ഉന്നതി ‘ എന്ന വാചകം ആണ് വിഡിയോയുടെ ലോഗോ.

ജനങ്ങളെ കൊള്ളയടിക്കുന്നവർ എന്ന് രാഷ്ട്രീയ പാർട്ടികളെ വിശേഷിപ്പിച്ചു കൊണ്ടാണ് ഞായറാഴ്ച രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. താൻ ആത്മീയതിയിലൂന്നിയ രാഷ്ട്രീയമായിരിക്കും പിന്തുടരുക എന്നും, അസംബ്ലി തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൽസരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook