സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം സ്വാഗതം ചെയ്തു. രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട രജനിയുടെ പ്രഖ്യാപനം ആരാധകരുടെ പ്രതീക്ഷകൾക്ക് വിരാമമിട്ടതായി ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ പറഞ്ഞു. “എന്നാൽ രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശത്തിൽ തനിക്കു മറ്റു തരത്തിലുള്ള ആശങ്കകളൊന്നുമില്ല,” സ്റ്റാലിൻ പറഞ്ഞു.

ജനാധിപത്യ രാജ്യത്തിൽ ആർക്കുവേണമെങ്കിലും രാഷ്ട്രീയത്തിൽ വരാമെന്നായിരുന്നു മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ പ്രതീകരണം.

ഈയിടെ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ടി ടി വി ദിനകരനും രജനിയുടെപ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

ആത്മീയതയിലൂന്നിയ രാഷ്ട്രീയമായിരിക്കും പിന്തുടരുക എന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ 234 അസ്സെംബ്ലി സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്ത ബി ജെ പി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാവ് തമിഴ് ഇശൈ സുന്ദരരാജൻ പറഞ്ഞു.

രജനീകാന്ത് പൂർണമായും രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടില്ല എന്നും, അഴുകിയ വ്യവസ്ഥ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഭരണത്തിലുള്ള എ ഐ ഡി എം കെ യെ ആണെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതീകരിച്ചു.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് വരെ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന് രജനീകാന്ത് അണികളോട് പറഞ്ഞത് വരാൻ പോകുന്ന തൻ്റെ രണ്ടു സിനിമകളെ മുന്നിൽ കണ്ടു കൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ആരോഗ്യസാമി ചൂണ്ടിക്കാട്ടി.

“സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുകയാണ് രജനിയുടെ അടുത്ത ലക്ഷ്യം. ഓരോ ഫാൻ ക്ലബുകളും രാഷ്ട്രീയവത്കരിക്കേണ്ടതായിട്ടുണ്ട്. രണ്ടു ദ്രാവിഡ പാർട്ടികളുടെയും സ്വാധീനം തമിഴ് നാട്ടിൽ കുറഞ്ഞുവരികയാണെന്ന ഒരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് കഴിഞ്ഞിട്ടുണ്ട്,” ആരോഗ്യസാമി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ