മുംബൈ: മഹാരാഷ്ട്ര നവ്നിര്മ്മാന് സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറെയുടെ വളര്‍ത്തുനായ ബോണ്ട് ചത്തു. ബുധനാഴ്ച്ച ഉച്ചയോടെയാണ് പട്ടി ചത്തത്. 12 വയസ് പ്രായമുളള പട്ടി പ്രായസംബന്ധമായി സ്വാഭാവികമായാണ് ചത്തത്. പരേലിലെ ഒരു മൃഗശാലയില്‍ ചികിത്സയിലായിരുന്നു പട്ടി.
രാജ് താക്കറെ ആശുപത്രിയില്‍ എത്തി പട്ടിയെ കണ്ടു. ഇതിന് പിന്നാലെ പരേലില്‍ തന്നെ പട്ടിയെ സംസ്കരിച്ചു. 2015 ഓഗസ്റ്റില്‍ രാജ് താക്കറെയുടെ ഭാര്യ ഷര്‍മ്മിളയുടെ മുഖത്ത് കടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ പട്ടിയാണ് ബോണ്ട്. അന്ന് 65 തുന്നലുകളാണ് ശര്‍മ്മിളയുടെ മുഖത്ത് നടത്തിയത്. അടിയന്തിരമായി അന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പട്ടിയുടെ ദേഹത്ത് അറിയാതെ കയറി നിന്നപ്പോഴാണ് ഇത് കടിച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ബോണ്ടിനെ കുടാതെ ജെയിംസ് എന്ന മറ്റൊരു പട്ടി കൂടി താക്കറെയ്ക്ക് ഉണ്ട്. ഇത് രണ്ടും ഗ്രെയ്റ്റ് ഡെയ്ന്‍ ബ്രീഡില്‍ പെട്ടവയാണ്. ഭാര്യയെ കടിച്ചതിന് പിന്നാലെ ഇരു നായ്ക്കളേയും താക്കറെ കര്ജാട്ടിലുളള തന്റെ ഫാം ഹൗസിലേക്ക് മാറ്റിയിരുന്നു.